തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.(Rain declared in kerala; yellow alert in seven districts)
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ തീരദേശ ആന്ധ്രയ്ക്കും വടക്കൻ തീരദേശ തമിഴ്നാടിനും മുകളിലായി ശക്തികൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത ആറ് മണിക്കൂറിൽ ന്യൂനമർദ്ദമായി ശക്തി കുറയാൻ സാധ്യതയുണ്ടെന്നും ലക്ഷദ്വീപിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ഒക്ടോബർ 20-ഓടെ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. ഇത് ഒക്ടോബർ 22-ഓടെ മധ്യബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇന്നുമുതൽ 21 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.