കൊച്ചി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പ് സമയം അവസാനിച്ചു. ചേലക്കരയിലെ ചില ഇടങ്ങളിൽ ആറ് മണി കഴിഞ്ഞിട്ടും വോട്ടര്‍മാരുടെ നീണ്ട നിര ഉണ്ടായതോടെ ടോക്കണ്‍ നല്‍കുകയായിരുന്നു.
ചേലക്കരയില്‍ എഴുപത് ശതമാനത്തിലധികമാണ് ഇത്തവണ പോളിങ്. എന്നാല്‍ വയനാട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് ശതമാനം കുറഞ്ഞു. 63 ശതമാനമാണ് വയനാട്ടിലെ പോളിങ്.
ചേലക്കരയിലെ കനത്ത പോളിങ് മൂന്ന് മുന്നണികള്‍ക്കും വിജയ പ്രതീക്ഷ നല്‍കുന്നുണ്ട്. വയനാട്ടിലെ പോളിങ് കുറവ് ആണെങ്കിലും വിജയത്തെ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
വയനാട്ടില്‍ ഗ്രാമപ്രദേശങ്ങളില്‍ ബൂത്തുകളില്‍ രാവിലെ തിരക്ക് അനുഭവപ്പെട്ടെങ്കിലും നഗരങ്ങളിൽ തിരക്ക് കുറവായിരുന്നു. സ്ഥാനാര്‍ഥികളായ പ്രിയങ്ക ഗാന്ധി, സത്യന്‍ മൊകേരി, നവ്യ ഹരിദാസ് എന്നിവര്‍ വിവിധ ബൂത്തുകളിൽ സന്ദര്‍ശനം നടത്തി.
ചേലക്കരയിൽ സ്ഥാനാര്‍ഥികളായ യുആര്‍ പ്രദീപ്, രമ്യ ഹരിദാസ്, കെ ബാലകൃഷ്ണന്‍ എന്നിവരും ബൂത്തുകളില്‍ സന്ദർശനത്തിന് എത്തിയിരുന്നു.