കൊച്ചി: നാല് വയസുകാരിയുടെ കൊലപാതകത്തിൽ അമ്മയായ സന്ധ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് എറണാകുളം റൂറൽ പൊലീസ് മേധാവി എം ഹേമലത ഐപിഎസ്.
എന്നാൽ കുഞ്ഞിനെ കൊല്ലാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും പൂർണമായും വിശ്വാസത്തിലെടുക്കാൻ സാധിക്കുന്ന മൊഴികൾ ലഭിച്ചിട്ടില്ല എന്നും ഹേമലത പറഞ്ഞു.
സന്ധ്യയുടെ ബന്ധുക്കളുടെയെല്ലാം മൊഴിയെടുക്കുമെന്നും നിലവിൽ അവർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും ഹേമലത വ്യക്തമാക്കി.
നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. പാറക്കടവ് കുറുമശ്ശേരി മാക്കോലിത്താഴത്ത് മക്കോലി വീട്ടിൽ സന്ധ്യ (36) യെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഭർതൃവീട് സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് മറ്റക്കുഴി ഭാഗത്തുള്ള അങ്കണവാടിയിൽ നിന്നും തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ കൂടെകൂട്ടി സന്ധ്യയുടെ വീടായ ചെങ്ങമനാട് കുറുമശ്ശേരി ഭാഗത്തേക്ക് പോരുകയായിരുന്നു.
തുടർന്ന് കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ഇടുകയായിരുന്നെന്ന് സന്ധ്യ പോലീസിന് മൊഴി നൽകി.
കുട്ടിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ഹോസ്പിറ്റലിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി.
സന്ധ്യയെ ആലുവ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം കോടതിയിൽ ഹാജരാക്കി.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ ആലുവ ഡി.വൈ.എസ്.പി റ്റി.ആർ. രാജേഷ്, ഇൻസ്പെക്ടർ സോണി മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.