കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളിലേക്കെത്താൻ സഹായിച്ചത് കൊറിയർ കവറിലെ മേൽവിലാസം. കുഞ്ഞിന്റെ മൃതദേഹം പൊതിഞ്ഞിരുന്നത് ആമസോൺ സൈറ്റിൽ നിന്ന് വന്ന കൊറിയർ കവറിലായിരുന്നു. ഇതിലുണ്ടായിരുന്ന ഫ്ലാറ്റ് മേൽവിലാസം കൃത്യമായി പൊലീസിനെ പ്രതികളിലേക്കെത്തിക്കുകയായിരുന്നു.
ഫ്ളാറ്റിലെ ശുചിമുറിയിൽ വച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് വിവരം. തുണി ഉപയോഗിച്ച് കഴുത്തുമുറുക്കിയാണ് കൊലപ്പെടുത്തിയത്. ശേഷം കവറിലാക്കി എറിയുകയായിരുന്നു.സമീപത്തെ മാലിന്യക്കൂമ്പാരത്തിലേക്കാണ് എറിഞ്ഞത്. എന്നാൽ ഉന്നം തെറ്റി നടുറോഡിലേക്ക് വീഴുകയായിരുന്നു.അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിലെ താമസക്കാരായ അച്ഛനും അമ്മയും മകളുമാണ് ഇപ്പോൾ കസ്റ്റഡിയിലായിരിക്കുന്നത്. ഇവർ 15 വർഷമായി ഇവിടെ താമസിക്കുന്നവരാണ്.
പെണ്‍കുട്ടി മൈനര്‍ അല്ലെന്നും 23 വയസ്സുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. ബലാത്സംഗം നടന്നിട്ടുണ്ടെന്ന സംശയമുള്ളതിനാല്‍ പേരു വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല. പീഡനം നടന്നിട്ടുണ്ടോ എന്നതിലടക്കം വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. രാവിലെ അഞ്ചരയോടെയാണ് പ്രസവം നടന്നത്. ഡോര്‍ പൂട്ടിയിട്ട് ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.