കളമശ്ശേരി സ്ഫോടന കേസ് പ്രതി മാർട്ടിന്റെ രാജ്യാന്തര ബന്ധങ്ങൾ അന്വേഷിക്കാനൊരുങ്ങി പോലീസ്. മാർട്ടിനെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾ അടക്കം അന്വേഷിക്കണമെന്നു പോലീസ് കോടതിയെ അറിയിച്ചു. കൂടുതൽ കാര്യങ്ങളിൽ അന്വേഷണം വേണം. പ്രതിക്ക് അഭിഭാഷകന്റെ ആവശ്യമുണ്ടെങ്കിൽ അത് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. ഡൊമിനിക് മാർട്ടിനെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയത്. എറണാകുളം ജില്ലാ ജയിലിൽ റിമാൻഡ് ചെയ്ത പ്രതിയുടെ തിരിച്ചറിയൽ പരേഡ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
ഇതിനിടെ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ് ആണ് മരിച്ചത്. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് (തിങ്കളാഴ്ച്ച) പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. 18 പേരാണ് സ്ഫോടനത്തെ തുടർന്ന് പരിക്കേറ്റ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55), ഇടുക്കി കാളിയാർ മുപ്പത്താറ് കവലയിൽ കുമാരി (53), മലയാറ്റൂർ കടവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന (12) എന്നിവരാണ് നേരത്തേ മരിച്ചത്. ലിയോണ പൗലോസ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു. കുമാരിയും ലിബിനയും ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത്. ഒക്ടോബർ 29 ന് രാവിലെ 9.30 ഓടെയാണ് കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ സ്ഫോടനമുണ്ടായത്.