തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും. നാളെ അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയും നാളെയാണ്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് വൈകുന്നരം നാലു മണിക്ക് പ്രസിദ്ധികരിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്ക് വഴി വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും നടക്കുക.
ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂണ്‍ 18ന് ഒന്നാം വർഷ ക്ലാസുകള്‍ ആരംഭിക്കും.
തുടര്‍ന്ന് പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിപ്പിക്കും.
പട്ടിക ജാതി വികസന വകുപ്പിലെ ആറ് മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവേശനം ഈ വര്‍ഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെയാണ് നടക്കുക.