കോഴിക്കോട്: വിദ്യാഭ്യാസ രംഗത്തെ ഹബ് ആക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് വിദ്യാർത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടാൻ വിദ്യാർത്ഥികൾക്ക് കഴിയണം. രാജ്യത്തെ 200 മികച്ച കോളജുകളിൽ 41 എണ്ണം കേരളത്തിലാണ്. ഭാവിയെ മുൻനിർത്തിയാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയവയ്ക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടത്. യുവാക്കൾ അറിവിന്റെ രാഷ്ട്രീയം മനസ്സിലാക്കണം. പുതിയ കാലത്ത് തൊഴിൽ നേടിയാൽ പോര തൊഴിൽ ദാതാക്കളാകണം. വിദേശത്തേക്ക് പോയവരെ തിരികെ എത്തിക്കാനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഴി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാണ് പരിപാടി. വിവിധ വകുപ്പ് മന്ത്രിമാർ, ഉദ്യോഗസ്ഥർ അടക്കമുള്ളവരും പരിപാടിയുടെ ഭാഗമായി. നവകേരള സദസ്സുകളുടെ തുടര്‍ച്ചയായി സംസ്ഥാനത്തെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖം പരിപാടികളിലെ ആദ്യ സദസ്സായാണ് കോഴിക്കോട് പരിപാടി സംഘടിപ്പിച്ചത്.