ന്യൂഡൽഹി: ഡോക്ടറുടെ അശ്രദ്ധ കാരണം യുവതി മരിച്ചതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലെ പരാസ് ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥ കാരണമാണ് യുവതി മരിച്ചതെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി സഹോദരി.
പരാതിയിൽ ആശുപത്രിക്കെതിരെയും ഡോക്ടർക്കെതിരെയും നടപടിയെടുക്കണമെന്ന് മരിച്ച സഹോദരി ദീപിക സിങ്ങിന്റെ സഹോദരി പൂജ ആവശ്യപ്പെട്ടു. ഈ ജനുവരിയിലാണ് പനി ബാധിച്ച് ആരോഗ്യ സംരക്ഷണത്തിൽ പ്രവേശിപ്പിച്ച ദീപിക സിംഗ് മരിച്ചത്. മരണത്തിന് പിന്നിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാണ് യുവതിയുടെ സഹോദരിയുടെ പരാതി.
2025 ജനുവരി 26നാണ് ദീപിക മരിക്കുന്നത്. നഗരത്തിലെ പരാസ് ആശുപത്രിയിൽ എത്തിച്ച് 18 മണിക്കൂറിനുള്ളിൽ ദീപിക മരിക്കുകയായിരുന്നുവെന്ന് സഹോദരി വെളിപ്പെടുത്തി. മരിച്ച സഹോദരിക്ക് നീതി തേടി ദീപികയുടെ ബന്ധുക്കൾ സോഷ്യൽ മീഡിയയിലൂടെ സംഭവം പങ്കുവെക്കുകയായിരുന്നു. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനായ് സഹോദരി എക്‌സിലും സംഭവ വിവരം പങ്കുവെച്ചിരുന്നു.
രോഗിയായ സഹോദരിയെ ഐ.സി.യുവിലേക്ക് മാറ്റി വെന്റിലേറ്ററിന്റെ സഹായം നൽകിയെങ്കിലും ഡോക്ടർമാർക്ക് അവളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് സഹോദരി പറഞ്ഞു. ഡോക്ടർമാർ തങ്ങളുടെ ജോലി സത്യസന്ധമായി നിർവഹിച്ചില്ലെന്നും അവർ ആരോപണം ഉന്നയിച്ചു. ഈ വിഷയം എക്‌സിൽ വൈറലാകുകയും നിരവധി പേർ പ്രതികരിക്കുകയും ചെയ്തിരുന്നു.
കേസ് സാമൂഹിക മാധ്യമങ്ങളിൽ കൊണ്ടുവന്ന മൂത്ത സഹോദരിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഹരിയാനയിലെ ഗുരുഗ്രാമിലെ ആശുപത്രിയെയും അതിലെ ഡോക്ടർമാരെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും നിരവധിപേർ പോസ്റ്റിന് മറുപടി നൽകി. അതേസമയം ഈ വിഷയത്തിൽ ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.