ദില്ലി : അതീവ ദുർഗന്ധം പരത്തുന്ന മഞ്ഞ പുക അടങ്ങിയ ടിയർ ഗ്യാസുമായി രണ്ട് പേർ ലോക്സഭ ഹാളിലേയ്ക്ക് കുതിച്ച് കയറിയത് കണ്ട് ഞെട്ടി നിൽക്കുകയാണ് രാജ്യം. പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്നും മാറി അതീവ സുരക്ഷ ഉണ്ടെന്ന് അവകാശപ്പെടുന്ന പുതിയ പാർലമെന്റ് മന്ദിരത്തിനുള്ളിലെ ലോക്സഭ ഹാളിലാണ് അക്രമികൾ കടന്ന് കയറിയത്. എം.പിമാർ ഇരിക്കുന്ന കസേരയ്ക്കും ബഞ്ചിനും മുകളിലൂടെ ചാടി കടന്ന അക്രമികൾ നിമിഷ നേരം കൊണ്ട് സഭാ ഹാളിൽ മുഴുവൻ പുക പടർത്തി. രാഹുൽഗാന്ധി അടക്കമുള്ളവർ പുക കണ്ട് ഞെട്ട് നിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ചോദ്യോത്തരവേള അവസാനിക്കുന്ന സമയത്തായിരുന്നു സംഭവം. ലോക്സഭ സ്പീക്കർ ഓം ബിർള സഭയിലുണ്ടായിരുന്നില്ല. അദേഹത്തിന് പകരം എം.പി രാജേന്ദ്ര ഗൗൾ ആണ് ചെയറിൽ ഇരുന്ന് സഭ നിയന്ത്രിച്ചത്. സന്ദർശക ഗാലറിയിൽ നിന്നും എടുത്ത് ചാടിയതിനാൽ അക്രമികൾ സന്ദർശക പാസിലാണ് സഭയ്ക്കുള്ളിൽ കടന്നത് എന്ന് വ്യക്തം. എം.പിമാർ നൽകുന്ന പാസ് പ്രകാരമാണ് സന്ദർശകർക്ക് സഭയ്ക്കുള്ളിൽ കടക്കാൻ അനുമതി നൽകുന്നത്. ഇത് പ്രകാരം അന്വേഷണം നടത്തിയ ദില്ലി പോലീസിന് അക്രമികൾക്ക് പാസ് അനുവദിക്കാൻ കത്ത് നൽകിയ എം.,പി.യുടെ വിവരം കിട്ടി. കർണാടകയിൽ നിന്നും വിജയിച്ച ബിജെപി എം.പി പ്രതാപ് സിൻഹയുടെ പാസാണ് അക്രമികളുടെ കൈവശം ഉണ്ടായിരുന്നത്. എം.പിയെ പോലീസ് ചോദ്യം ചെയ്യും.