പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ നൂറുകണക്കിന് സിറിഞ്ചുകൾ; കാലിൽ കുത്തിക്കയറി 13കാരന് പരിക്ക്
പാലക്കാട്: വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ച് കാലിൽ കുത്തിക്കയറി 13കാരന് പരിക്ക്. പാലക്കാട് മേപ്പറമ്പിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സംസ്ഥാനപാതയോരത്തെ തിരക്കേറിയ മേപ്പറമ്പ് ജങ്ഷനിലാണ് അപകടം ഉണ്ടായത്.
സംഭവത്തെ തുടർന്ന് പരാതി ഉയർന്നിട്ടും വഴിയരികിൽ കിടന്നിരുന്ന സൂചികളും സിറിഞ്ചുകളും ഇതുവരെ നീക്കം ചെയ്തിട്ടില്ലെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.
ജനുവരി 18-നു രാത്രി രക്ഷിതാക്കളോടൊപ്പം നടക്കുന്നതിനിടെയാണ് വഴിയരികിൽ കിടന്ന സൂചി കുട്ടിയുടെ കാലിൽ തുളച്ച് കയറിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തുനിന്ന് പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച നിലയിൽ നൂറുകണക്കിന് സിറിഞ്ചുകളും സൂചികളും കണ്ടെത്തി.
ഇവ പൊതുജനങ്ങൾക്ക് ഗുരുതര അപകടസാധ്യത സൃഷ്ടിക്കുന്നതാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പരിക്കേറ്റ കുട്ടിയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു.
ഉപയോഗിച്ച സൂചി ഏത് രോഗിയുടേതാണെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ കുട്ടിക്കും കുടുംബത്തിനും വലിയ ആശങ്കയാണുള്ളത്. നിലവിൽ കുട്ടി ആശുപത്രി വിട്ട് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ വീട്ടിൽ കഴിയുകയാണ്.
സിറിഞ്ചുകളും സൂചികളും എങ്ങനെ സംസ്ഥാനപാതയോരത്ത് എത്തി എന്നതിൽ വ്യക്തത തേടി പൊലീസ്, ആരോഗ്യവകുപ്പ് എന്നിവ സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമീപത്തെ ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
ലഹരി ഉപയോഗ സംഘങ്ങൾ സിറിഞ്ചുകൾ ഉപേക്ഷിച്ചതാണോയെന്ന കോണിലും അന്വേഷണം പുരോഗമിക്കുകയാണ്.
കുട്ടിക്ക് മാരകമായ രോഗങ്ങൾ ബാധിക്കുമോ എന്ന ആശങ്കയിലാണ് മാതാപിതാക്കൾ. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
English Summary
A 13-year-old boy was injured after stepping on a discarded syringe along a busy roadside in Mepparamba, Palakkad. The incident occurred while the child was walking with his parents.
palakkad-boy-injured-discarded-syringe-roadside-mepparamba
Palakkad, syringe injury, medical waste dumping, child injured, roadside hazard, Kerala news, health department investigation, police probe









