സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പാകിസ്ഥാന്റെ പുത്തൻ ആശയം. വ്യാവസായിക അടിസ്ഥാനത്തിൽ കഞ്ചാവ് കൃഷിക്ക് ഒരുങ്ങുകയാണെന്നാണ് പുതിയ വിവരം. ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം ഉടൻ നിയമവിധേയമാക്കി കൃഷി തുടങ്ങാനാണ് പദ്ധതി. കഞ്ചാവ് കയറ്റുമതി ചെയ്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് പാകിസ്ഥാനൊരുങ്ങുന്നതെന്നാണ് വിവരം.
പാകിസ്ഥാൻ സർക്കാർ കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ഓർഡിനൻസ് പാസാക്കിയിരുന്നു. ഇത് പ്രകാരം രാജ്യം കാനബിസ് കൺട്രോൺ ആൻഡ് റെഗുലേറ്ററി അതോറിറ്റി (സി.സി.ആർ.എ) രൂപീകരിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളിലെയും രഹസ്യാന്വേഷണ ഏജൻസികളിലെയും സ്വകാര്യമേഖലയിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ 13 അംഗങ്ങളാണ് റെഗുലേറ്ററി അതോറിറ്റിയിലുള്ളത്. കഞ്ചാവ് വേർതിരിച്ചെടുക്കൽ, ശുദ്ധീകരണം, നിർമ്മാണം, വിൽപ്പന എന്നിവ നിയന്ത്രിക്കലാണ് ഈ അതോറിറ്റിയുടെ ചുമതല.
യു.എൻ നിയമം പ്രകാരം ഒരു രാജ്യം കഞ്ചാവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും വ്യാപാരം ചെയ്യാനും ആഗ്രഹിക്കുന്നുവെങ്കിൽ കഞ്ചാവിന്റെ വിതരണ ശൃംഖലയെ നിയന്ത്രിക്കുന്ന ഫെഡറൽ സ്ഥാപനം രാജ്യത്തിന് ഉണ്ടായിരിക്കണമെന്നാണ് നിയമം. കഞ്ചാവിന്റെ കയറ്റുമതിയും ആഭ്യന്തര വിൽപ്പനയും ഉപയോഗിച്ച് പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ ശ്രമിക്കുകയാണ്. എന്നാൽ വിനോദ ആവശ്യങ്ങൾക്കായി കഞ്ചാവ് വാങ്ങുന്നവർക്കും കർശനമായ പിഴ ചുമത്തും. അനധികൃതമായി കഞ്ചാവ് കൈവശം വെച്ചാൽ ഒരു കോടി രൂപ (പാകിസ്ഥാൻ രൂപ) പിഴ ഈടാക്കും. കമ്പനികൾക്ക് ഒരു കോടി മുതൽ 20 കോടി വരെയും.
കഞ്ചാവിന്റെ കയറ്റുമതി, വിദേശ നിക്ഷേപം, ആഭ്യന്തര വിൽപ്പന എന്നിവയിലൂടെ വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്ന് പാകിസ്ഥാൻ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (പി.സി.എസ്.ഐ.ആർ) ചെയർമാൻ സയ്യിദ് ഹുസൈൻ അബിദി പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് കഞ്ചാവ് വ്യാപാരം പുതിയ ഊർജം നൽകിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.