തന്റെ റസ്റ്റോറന്റിലെ കിച്ചനിൽ സർപ്രൈസ് ഇൻസ്പെക്ഷൻ നടത്തി ഉടമ
ബെംഗളൂരു: നഗരത്തിലെ പ്രശസ്ത സംരംഭകൻ തന്റെ റസ്റ്റോറന്റിലെ കിച്ചനിൽ നടത്തിയ സർപ്രൈസ് ഇൻസ്പെക്ഷൻ വലിയ ചര്‍ച്ചയായി.
ദി പിസ്സ ബേക്കറി, പാരീസ് പാനിനി, സ്മാഷ് ഗയ്‌സ് എന്നീ റെസ്റ്റോറന്റുകളുടെ സഹസ്ഥാപകനായ അഭിജിത് ഗുപ്ത നടത്തിയ ഈ അപ്രതീക്ഷിത പരിശോധനയ്ക്ക് പിന്നാലെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു.
മദ്യവും മയക്കുമരുന്നും ജോലി സ്ഥലത്ത് ഒരിക്കലും സഹിക്കില്ല എന്നായിരുന്നു ഗുപ്തയുടെ വ്യക്തമായ നിലപാട്.
സംഭവം സംബന്ധിച്ച വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഗുപ്ത, ഇത്തരം പരിശോധനകൾ ബിസിനസിന്റെ നിലവാരം ഉറപ്പാക്കാൻ സഹായിക്കുന്നു എന്നും പറഞ്ഞു.
(തന്റെ റസ്റ്റോറന്റിലെ കിച്ചനിൽ സർപ്രൈസ് ഇൻസ്പെക്ഷൻ നടത്തി ഉടമ)
വീഡിയോയിൽ, ഗുപ്ത ബെംഗളൂരുവിലെ രണ്ട് ഡെലിവറി കിച്ചണുകൾ സന്ദർശിക്കുന്നതും അവിടെ ജീവനക്കാരുടെ പ്രവർത്തനം പരിശോധിക്കുന്നതും കാണാം.
ആദ്യം സന്ദർശിച്ചത് യെലഹങ്കയിലെ കിച്ചനാണ്, അവിടെ എല്ലാം നന്നായിരുന്നുവെന്നും ടീമിന്റെ പ്രകടനം പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിന്നീട് സഹകർനഗറിലെ ഔട്ട്‌ലെറ്റ് സന്ദർശിച്ച ഗുപ്ത, ഒരു കസ്റ്റമറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പിസ്സ ഓർഡർ ചെയ്ത് കഴിച്ചു പരിശോധിച്ചു.
പരിശോധനയ്ക്കു ശേഷം ഗുപ്ത കസ്റ്റമറുടെ പരാതി ശരിയാണെന്ന് അംഗീകരിച്ചു. അവിടെ മാനേജരോട് എത്ര പേരെ പിരിച്ചുവിട്ടുവെന്ന് ചോദിച്ചപ്പോൾ മൂന്ന് പേരെ എന്നാണ് മറുപടി.
മദ്യവും മയക്കുമരുന്നും ഉപയോഗിച്ചതാണ് മൂന്നു പേരെ പുറത്താക്കാനുള്ള കാരണം. ജോലി സ്ഥലത്ത് ഇത്തരം പ്രവൃത്തികൾ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല എന്നും ടീമിലെ മറ്റുള്ളവർക്ക് പാഠമായിരിക്കാനാണ് ഈ നടപടി എന്നും ഗുപ്ത വ്യക്തമാക്കി.
ഗുപ്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ പ്രചാരം നേടി. നിരവധി പേർ അദ്ദേഹത്തിന്റെ നടപടിയെ പുകഴ്ത്തിയും പിന്തുണച്ചും അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
“ഇത്തരം പരിശോധനകൾ അനിവാര്യമാണ്, അത് പ്രൊഫഷണൽ അന്തരീക്ഷം നിലനിർത്താൻ സഹായിക്കുന്നു,” എന്നായിരുന്നു പൊതുവായ അഭിപ്രായം.