ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്രമുഖരെ ക്ഷണിച്ച് ഒഎന്‍ഡിസി. ഇന്ത്യയുടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സിലേക്ക് (ഒഎന്‍ഡിസി) ക്ഷണിച്ചിട്ടുണ്ടെന്ന വിവരം നെറ്റ്വര്‍ക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടി കോശിയാണ് പങ്കുവെച്ചത്. ഓപ്പണ്‍ ഇ-കൊമേഴ്സ് വികസിപ്പിക്കുന്നതിനായി ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) സ്ഥാപിച്ച ലാഭേച്ഛയില്ലാത്ത കമ്പനിയാണ് ഒഎന്‍ഡിസി.
ജനുവരിയിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രതിദിനം 40 ഇടപാടുകള്‍ ആയിരുന്നു ആദ്യം നടന്നിരുന്നത്. ക്രമേണ ചരക്കുകള്‍ക്കായി 30,000 ,സേവനങ്ങള്‍ക്ക് 50,000 എന്നീ നിരക്കിലേക്ക് ഇത് ഉയര്‍ന്നു. പലചരക്ക്, ഭക്ഷ്യ വ്യാപാരികള്‍ കൂടുതലും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. വൈകാതെ ഫാഷന്‍, വ്യക്തിഗത പരിചരണ ഉല്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നിവയും ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാകും.
ഇ-കൊമേഴ്‌സ് രംഗത്തെ വമ്പന്‍മാര്‍ക്കു ബദലായാണ് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള വികേന്ദ്രീകൃത ശൃംഖലയായ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) അവതരിപ്പിച്ചത്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിങ്ങനെ ഓരോ സ്വകാര്യ പ്ലാറ്റ്‌ഫോമും കേന്ദ്രീകരിച്ചു നില്‍ക്കുന്ന നിലവിലെ ഇ-കൊമേഴ്‌സ് രംഗത്തെ പൊതുശൃംഖലയുടെ ഭാഗമാക്കുകയാണ് ഒഎന്‍ഡിസി ചെയ്യുന്നത്.
ആമസോണ്‍ പോലെ മറ്റൊരു പ്ലാറ്റ്‌ഫോം എന്നതിനു പകരം പേയ്‌മെന്റ് രംഗത്ത് യുപിഐ (യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) പോലൊരു സംവിധാനമാണ് ഒഎന്‍ഡിസി കൊണ്ടുദ്ദേശിക്കുന്നത്. അതായത് ഗൂഗിള്‍ പേ, പേടിഎം, ഭീം, ഫോണ്‍പേ എന്നിങ്ങനെ തരംതിരിവില്ലാതെ യുപിഐ വഴി പേയ്‌മെന്റ് നടത്തുന്നത് പോലെ ഉല്പന്നങ്ങള്‍ വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും ബന്ധിപ്പിക്കുകയാണ് ഈ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം. വലിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കച്ചവടക്കാരെ സഹായിക്കുന്ന പ്ലാറ്റ്‌ഫോമാണിതെന്ന പ്രത്യേകത കൂടിയുണ്ട്.
ചെറുകിട ചില്ലറ വ്യാപാരികള്‍ക്ക് ഇ-കൊമേഴ്സ് മാധ്യമത്തിലൂടെ തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനും ഈ മേഖലയിലെ ഭീമന്‍മാരുടെ ആധിപത്യം കുറയ്ക്കാനുമാകും.വ്യാപാര – വിപണന മേഖലയിലെ അടിസ്ഥാനവികസനം ഉള്‍പ്പെടെയുള്ളവയ്ക്കാണ് ഒഎന്‍ഡിസി നേതൃത്വം നല്‍കുന്നത്. ഇ-കൊമേഴ്‌സ് വ്യാപാരത്തിന്റെ മറവില്‍നടക്കുന്ന തട്ടിപ്പുകള്‍ തടയുക കൂടിയാണ് ഈ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം.