രാജ്യത്തെ ഏറ്റവുംമികച്ച സുസ്ഥിര ഗതാഗതസംവിധാനമുള്ള നഗരമെന്ന പദവി ഇനി കൊച്ചിക്ക് സ്വന്തം. പൊതുഗതാഗതരംഗത്ത് മികച്ചപ്രവർത്തനം കാഴ്ചവെക്കുന്ന നഗരങ്ങൾക്ക് കേന്ദ്രസർക്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പൊതുഗതാഗതസംവിധാനമുള്ള നഗരമായി ഭുവനേശ്വറിനെയും മികച്ച മോട്ടോർരഹിത ഗതാഗതസംവിധാനമുള്ള നഗരമായി ശ്രീനഗറിനെയും തെരഞ്ഞെടുത്തു.
പതിനേഴാമത് അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനത്തിന്റെ ഭാഗമായാണ് കേന്ദ്ര ഭവന-നഗരകാര്യമന്ത്രാലയം പൊതുഗതാഗതരംഗത്ത് മികച്ചപ്രവർത്തനം കാഴ്ചവെക്കുന്ന നഗരങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ബെംഗളൂരുവിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു.ഗതാഗതത്തിൽ പൊതുജനപങ്കാളിത്തത്തിന്റെ മികച്ച റെക്കോഡുള്ള നഗരം -ബെംഗളൂരു, മികച്ച മൾട്ടിമോഡൽ ഇന്റഗ്രേഷനുള്ള മെട്രോ റെയിൽ -ബെംഗളൂരു, മികച്ചസുരക്ഷയും സുരക്ഷാസംവിധാനവുമുള്ള നഗരം -ഗാന്ധിനഗർ, മികച്ച ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റമുള്ള നഗരം -സൂറത്ത്, ഏറ്റവും നൂതനമായ ഫിനാൻസിങ് മെക്കാനിസമുള്ള നഗരം -ജമ്മു, മികച്ച പാസഞ്ചർ സേവനങ്ങളുള്ള മെട്രോ റെയിൽ -മുംബൈ.
ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിലാണ് ഈ വർഷത്തെ അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനം. സമാപനസമ്മേളനം കേന്ദ്ര നഗരകാര്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഉദ്ഘാടനംചെയ്തു. 2025-ലെ അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനവേദി ഹരിയാണയിലെ ഗുരുഗ്രാമാണ്.
English summary : Not only is it the most traffic – congested city in the Country,but Kochi is also the city best sustainable transport system