പത്തനംതിട്ട : പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെ ദല്ലാൾ ടി ജി നന്ദകുമാറിൻറെ ആരോപണം ശരിവെച്ച് കോൺഗ്രസിലെ മുതിർന്ന നേതാവ് പി ജെ കുര്യൻ. നന്ദകുമാർ തന്നെ വന്ന് കണ്ടിരുന്നുവെന്നും അനിൽ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പി ജെ കുര്യൻ വെളിപ്പെടുത്തി. എത്ര പണം വാങ്ങിയെന്നോ എന്തിനാണ് പണം വാങ്ങിയതെന്നോ അറിയില്ല. പണം തിരികെ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് ദല്ലാൾ നന്ദകുമാർ കണ്ടിരുന്നു. അതുകൊണ്ടാണ് വിഷയത്തിൽ ഇടപെട്ടത്. എ.കെ.ആന്റണിയോടോ അനിൽ ആന്റണിയോടോ പണം തിരികെ നൽകാൻ പറഞ്ഞതെന്ന് ഓർമ്മയില്ലെന്നും കുര്യൻ പറഞ്ഞു.
എ.കെ.ആന്റണിക്കൊപ്പം ഏറ്റവും അടുത്തു നിൽക്കുന്നയാളും യുപിഎ കാലത്ത് നിർണ്ണായക സ്ഥാനങ്ങളിലുണ്ടായിരുന്ന മുതിർന്ന നേതാവ് നന്ദകുമാറിന്റെ ആരോപണങ്ങളിൽ സ്ഥിരീകരണം നൽകുമ്പോൾ കൃത്യമായ മറുപടി പറയാൻ അനിൽ നിർബന്ധിതനാകും. സിബിഐ സ്റ്റാൻഡിങ് കോൺസിൽ നിയമനം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ ആനിൽ വാങ്ങിയെന്നായിരുന്നു നന്ദകുമാർ ആരോപിച്ചത്. എന്നാൽ നിയമനം ലഭിച്ചില്ല. പണം തിരികെ നൽകാൻ അനിൽ തയാറായില്ല. തുടർന്ന് പി.ജെ.കുര്യൻ, പി.ടി.തോമസ് എന്നിവർ ഇടപെട്ട് അഞ്ച്തവണകളായി പണം തിരികെ നൽകിയെന്നായിരുന്നു നന്ദകുമാർ ആരോപിച്ചത്. ബിജെപി അധികാരത്തിൽ വന്നതിന് ശേഷം പരാതി നൽകാൻ ഒരുങ്ങിയപ്പോൾ തടഞ്ഞത് പി.ജെ.കുര്യനാണെന്നും നന്ദകുമാർ പറഞ്ഞിരുന്നു.
2013ഏപ്രിലിൽ ഡൽഹി അശോക ഹോട്ടലിൽവെച്ചാണ് പണം കൈമാറിയത്. അന്നത്തെ സിബിഐ ഡയറക്ടറായിരുന്ന രഞ്ജിത്ത് സിൻഹയ്ക്ക് നൽകാനാണ് പണം എന്ന് പറഞ്ഞാണ് അനിൽ വാങ്ങിയത്. DL-02-CBB-4262 എന്ന ഡൽഹി രജിസ്‌ട്രേഷനിലുള്ള അനിലിന്റെ ഹോണ്ട സിറ്റി കാറിലെത്തിയാണ് പണം കൈപ്പറ്റിയതെന്നും നന്ദകുമാർ ആരോപിച്ചിരുന്നു. നന്ദകുമാർ പറഞ്ഞ നമ്പറിലെ കാർ സ്വന്തമായുണ്ടെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അനിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ആരോപണം പുറത്തുവന്നപ്പോൾ അത് തിരഞ്ഞെടുപ്പ് കാലത്തെ പ്രചരണം എന്നായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം. നന്ദകുമാറിന്റെ ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു. നന്ദകുമാർ സാമൂഹ്യവിരുദ്ധനാണ്. പല ആവശ്യവുമായി സമീപിച്ചിട്ടുണ്ട്. നടക്കില്ലെന്ന് പറഞ്ഞാണ് മടക്കിയത്. നിരന്തരം വിളിച്ചപ്പോൾ നമ്പർ ബ്ലോക്ക് ചെയ്‌തെന്നും അനിൽ പ്രതികരിച്ചിരുന്നു.
ഇപ്പോൾ നന്ദകുമാറിന്റെ ആരോപണത്തിന് പി.ജെ കുര്യന്റെ സാക്ഷിപ്പെടുത്തൽ കൂടി വന്നതോടെ കാര്യങ്ങൾ കൂടുതൽ ഗൗരവമാവുകയാണ്. എ.കെ.ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ ആയുധ ഇടപാട് സംബന്ധിച്ച രേഖകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് അനിൽ വിറ്റിരുന്നുവെന്ന ഗുരുതര ആരോപണം കൂടി നന്ദകുമാർ ഉന്നയിച്ചിട്ടുണ്ട്. ഇതിന് ആന്റണിയും മറുപടി പറയേണ്ടി വരും.
യുപിഎ ഭരണകാലത്ത് നിരവധി അഴിമതികൾ നടത്തിയെന്നും ദില്ലിയിലെ ഏറ്റവും വലിയ ദല്ലാൾ ആയിരുന്നു അനിൽ ആന്റണിയെന്ന് ടി ജി നന്ദകുമാർ പറഞ്ഞു. ദില്ലിയിൽ അന്ന് പ്രതിരോധ മന്ത്രിയുടെ വീട്ടിൽ നിന്ന് നിർണായക രേഖകൾ എടുത്ത് ഫോട്ടോ സ്റ്റാറ്റസ് എടുത്ത് വിൽക്കലായിരുന്നു പ്രധാന ജോലി. അന്ന് പല ബ്രോക്കർമാരും അനിൽ ആന്റണിയെ സമീപിച്ചിരുന്നുവെന്നും ദല്ലാൾ നന്ദകുമാർ ആരോപിച്ചു.