ഓക്ലാന്‍ഡ്: വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ ആദ്യ മത്സരം അവിസ്മരണീയമാക്കി ആതിഥേയരായ ന്യൂസിലാന്‍ഡ്. മുന്‍ ചാമ്പ്യന്മാരായ നോര്‍വേയെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ് ലോകകപ്പ് യാത്രയ്ക്ക് തുടക്കമിട്ടു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ന്യൂസിലാന്‍ഡ് ജയം. ഫിഫ ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ ആദ്യ ജയമാണിത്. കഴിഞ്ഞ 16 മത്സരങ്ങളില്‍ ആദ്യമായാണ് ന്യൂസിലാന്‍ഡ് വിജയം ആഘോഷിക്കുന്നത്. കഴിഞ്ഞ 12 മത്സരങ്ങളിലെ തോല്‍വിയും മൂന്ന് സമനിലയുമായിരുന്നു ന്യൂസിലാന്‍ഡ് ഉദ്ഘാടന മത്സരത്തോടെ മറന്നത്.
രണ്ടാം പകുതിയുടെ അവസാന മിനിറ്റില്‍ ന്യൂസിലാന്‍ഡിന് മറ്റൊരു പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ റിയ പെര്‍സിവലിന്റ ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടി അവസാനിച്ചു. ഒമ്പത് മിനിറ്റായിരുന്നു ഇഞ്ചുറി ടൈം. സമനില ഗോളിനുള്ള ശ്രമങ്ങള്‍ നോര്‍വേ വേഗത്തിലാക്കി. എങ്കിലും കിവീസ് എഴുതിയ ചരിത്രം തിരുത്തുവാന്‍ നോര്‍വേയ്ക്ക് കഴിഞ്ഞില്ല. എന്തും സാധ്യമാണെന്നായിരുന്നു ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ അലി റിലേയുടെ വാക്കുകള്‍. സ്വിറ്റ്‌സര്‍ലാന്‍ഡും ഫിലിപ്പൈന്‍സുമാണ് കീവിസിന്റെ ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍.
ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. ബോള്‍ പൊസഷനില്‍ ന്യൂസിലാന്‍ഡ് മുന്നിലായിരുന്നു. അപ്പോഴും പതിനഞ്ച് ശതമാനം പേര്‍ മാത്രമാണ് ന്യൂസിലാന്‍ഡ് വിജയം പ്രവചിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ന്യൂസിലാന്‍ഡ് ഞെട്ടിച്ചു. 48-ാം മിനിറ്റില്‍ ഹന്നാഹ് വില്‍ക്കിന്‍സണ്‍ ആയിരുന്നു ന്യൂസിലാന്‍ഡിനെ മുന്നിലെത്തിച്ചത്. പ്രതിരോധത്തില്‍ നിന്നും ഉയര്‍ന്നെത്തിയ പന്ത് ആദ്യം വലത് മധ്യനിരയിലേക്കെത്തി. അവിടുന്ന് വലത് മധ്യനിരയിലേക്ക് പാസ്. അപ്പോഴേയ്ക്കും ഗോള്‍പോസ്റ്റിന് മുന്നിലേക്ക് ഓടിയെത്തിയ വില്‍ക്കിന്‍സണിന് അസിസ്റ്റ്. ഒറ്റ ഷോട്ടില്‍ വലകുലുക്കി കിവീസ് താരം.