കോട്ടയം: അമ്പത്തിമൂന്ന് വര്‍ഷം തന്നെ ഹൃദയത്തില്‍ സൂക്ഷിച്ച പുതുപ്പള്ളിയുടെ മടിത്തട്ടിലേക്ക് ഉമ്മന്‍ ചാണ്ടി തിരികെ എത്തി. ആവശ്യങ്ങളൊന്നും നിവര്‍ത്തിക്കാനല്ലാതെ, പരാതികളൊന്നും ബോധിപ്പിക്കാനല്ലാതെ ആ ജനത അദ്ദേഹത്തെ പൊതിഞ്ഞു- വിതുമ്പലടക്കി വിടപറയാന്‍ മാത്രം. തിരുനക്കര മൈതാനിയില്‍നിന്നാരംഭിച്ച ആ വികാരഭരിതയാത്ര അഞ്ചരയോടെ പുതുപ്പള്ളിയിലെത്തി.
തറവാടായ കരോട്ട് വള്ളക്കാലില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പുതിയ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ പ്രാര്‍ഥന പൂര്‍ത്തിയാക്കി പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുപോവും. പള്ളിക്കുള്ളില്‍ ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിക്കും. 20 മെത്രാപ്പൊലിത്തമാരും 1000 പുരോഹിതന്‍മാരും സഹകാര്‍മികരാകും.
ജനസാഗരത്തിന്റെ അന്തിമോപചാരമേറ്റുവാങ്ങി ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കര മൈതാനിയില്‍നിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. ജനത്തിരക്ക് കാരണം മുന്‍നിശ്ചയിച്ചതില്‍നിന്ന് മണിക്കൂറുകളോളം വൈകിയിരുന്നു. അന്ത്യാഞ്ജലിയര്‍പ്പിക്കാനുള്ള വലിയ ജനത്തിരക്ക് കണക്കിലെടുത്ത് സംസ്‌കാര ചടങ്ങ് രാത്രി ഏഴരയ്ക്ക് ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.