ഡൽഹി: രാജ്യത്ത് ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിൽ റെയിൽവേയുടെ പുതിയ പരിഷ്‌കാരം ഇന്നുമുതൽ നിലവിൽ വരും. ടിക്കറ്റ് റിസർവേഷന്റെ സമയപരിധി വെട്ടികുറച്ചുകൊണ്ടാണ് റെയിൽവേയുടെ തീരുമാനം. നിലവിലുള്ള 120 ദിവസത്തിൽ നിന്ന് 60 ദിവസമായാണ് സമയപരിധി വെട്ടിച്ചുരുക്കിയത്.(New change in train ticket booking is effective from today)
പുതിയ തീരുമാന പ്രകാരം ഇനി മുതൽ 60 ദിവസം (യാത്രാ തീയതി ഒഴികെ) മുമ്പ് വരെ മാത്രമേ ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാൻ സാധിക്കുകയുള്ളൂ. 4 മാസം മുമ്പ് ബുക്ക് ചെയ്ത ശേഷം യാത്രയുടെ തീയതി എത്തുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് നിയമത്തിൽ മാറ്റം വരുത്തുന്നതെന്നാണ് റെയിൽവേ നൽകിയ വിശദീകരണം.
60 ദിവസമെന്ന സമയ പരിധി വരുമ്പോൾ യാത്രകൾ കൃത്യമായി ക്രമീകരിക്കാനാകുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ട്രെയിനുകളുടെ സമയക്രമത്തിൽ അടക്കം വരുന്ന മാറ്റങ്ങൾ ടിക്കറ്റെടുത്തവരെ പ്രതികൂലമായി ബാധിക്കുന്ന സംഭവങ്ങൾ ഒഴിവാക്കാനാകുമെന്നും റെയിൽവേ അറിയിച്ചിരുന്നു.
അതേസമയം, വിദേശ വിനോദ സഞ്ചാരികൾക്ക് 365 ദിവസം മുമ്പ് ടിക്കറ്റെടുക്കാമെന്ന നിയമം മാറ്റങ്ങളില്ലാതെ തുടരും. വ്യത്യസ്‌ത മുൻകൂർ ബുക്കിംഗ് നിയമങ്ങളുള്ള താജ് എക്‌സ്‌പ്രസ്, ഗോമതി എക്‌സ്പ്രസ് തുടങ്ങിയ ചില ഡേടൈം എക്‌സ്പ്രസ് ട്രെയിനുകൾക്കും പുതിയ മാറ്റങ്ങൾ ബാധകമല്ലെന്ന് റെയിൽവേ അറിയിച്ചിരുന്നു.