കോഴിക്കോട്: വീണ്ടും സർവീസിനൊരുങ്ങി നവകേരള ബസ്. രൂപമാറ്റം വരുത്തിയ ബസ് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് എത്തിച്ചു. ബസിൽ 11 സീറ്റുകൾ അധികമായി ഘടിപ്പിച്ചിട്ടുണ്ട്.(Navakerala bus ready for service again)
കോഴിക്കോട് – ബംഗുളുരു റൂട്ടിൽ ആണ് ബസ് സർവീസ് പുനരാരംഭിക്കുക. അധികമായി സീറ്റുകൾ ഘടിപ്പിച്ചതോടെ സീറ്റുകളുടെ എണ്ണം 37 ആയി. കൂടാതെ എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. പകരം മുൻഭാഗത്ത് മാത്രമാണ് ഡോർ ഉള്ളത്. അതേസമയം ശൗചാലയം ബസിൽ നിലനിർത്തിയിട്ടുണ്ട്.
ഇവയ്ക്ക് പുറമെ ബസിന്റെ നിരക്കും കുറച്ചിട്ടുണ്ട്. ഇന്നലെ ബെംഗളൂരു-കോഴിക്കോട് യാത്രയിൽ 930 രൂപയാണ് ഈടാക്കിയത്. നേരത്തെ 1280 രൂപ ആയിരുന്നു നിരക്ക്. 1.16 കോടി രൂപയ്ക്കാണ് നവകേരള ബസ് വാങ്ങിയത്. 26 സീറ്റാണ് നവകേരളബസിലുണ്ടായിരുന്നത്.