റെയ്ഡിനിടെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സംഘം ആക്രമിക്കപ്പെട്ടു. ബംഗാളിലെ കിഴക്കൻ മേദിനിപൂർ ജില്ലയിൽ ശനിയാഴ്ച രാവിലെ നടത്തിയ റെയ്ഡിനിടെയാണ് സംഭവം. ഭൂപിതാനിനഗർ മേഖലയിൽ നടന്ന ആക്രമണത്തിൽ തീവ്രവാദ വിരുദ്ധ ഏജൻസിയിലെ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. ഒരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ സംഘം ഭൂപിതാനിനഗറിൽ റെയ്ഡ് നടത്തുന്നതിനിടെ ജനക്കൂട്ടം പെട്ടെന്ന് ടീമിനെ ആക്രമിക്കുകയും വാഹനത്തിൻ്റെ ചില്ലുകൾ തകർക്കുകയും ചെയ്യുകയായിരുന്നു. മാനബേന്ദ്ര ജന എന്നയാളെ സ്‌ഫോടനക്കേസിൽ അറസ്റ്റ് ചെയ്യാനാണ് ഭീകരവിരുദ്ധ ഏജൻസി എത്തിയത്. നിരവധി പുരുഷന്മാരും സ്ത്രീകളും പോലീസ് വാഹനം തടയുകയും പോലീസിനോട് തിരിച്ചുപോകാൻ ആവശ്യപ്പെടുകയും ചെയ്യുന്നതായിവീഡിയോയിൽ കാണിക്കുന്നുണ്ട്. സെക്യൂരിറ്റി ജീവനക്കാരുടെ മുന്നിൽ കൈകളിൽ മുളവടിയുമായി സ്ത്രീകൾ തെരുവിൽ ഇരിക്കുകയാണ്.
ജനുവരി 5 ന് ബംഗാളിലെ സന്ദേശ്ഖാലിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) സംഘത്തിന് നേരെ ആക്രമണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് എൻഐഎ സംഘത്തിന് നേരെ ആക്രമണമുണ്ടായത്. റെയ്ഡിനെക്കുറിച്ച് ലോക്കൽ പോലീസ് സ്റ്റേഷനിൽ നേരത്തെ അറിയിച്ചിരുന്നെങ്കിലും കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു.