കൊല്ലം: മൈനാഗപ്പള്ളി അപകടത്തിൽ ഒന്നാം പ്രതി അജ്മലിനെതിരെ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ നിർണായക മൊഴി പുറത്ത്. തന്റെ പണവും സ്വർണാഭരണങ്ങളും അജ്മൽ കൈക്കലാക്കിയിരുന്നു. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടർന്നതെന്നും ശ്രീക്കുട്ടി പറയുന്നു.(Mynagapally accident; The statement of the second accused Sreekutty is out)
അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് ഡോ.ശ്രീക്കുട്ടിയുടെ മൊഴി. കാറിനടിയിൽ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. കാർ സ്കൂട്ടറിലിടിച്ച് നിലത്തേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടില്ല എന്നും ശ്രീക്കുട്ടി പറയുന്നു. നിലവിൽ പ്രേരണാകുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാൽ അജ്മലും ശ്രീക്കുട്ടിയും രാസലഹരിക്കും മദ്യത്തിനും അടിമകളാണെന്നാണ് പൊലീസ് പറയുന്നത്. അപകടം നടന്ന തലേദിവസം ഇരുവരും താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎ അടക്കം ഉപയോഗിച്ചതിന് പൊലീസിന് തെളിവ് ലഭിച്ചു. 14 ന് ഹോട്ടലിൽ ഒരുമിച്ച് താമസിച്ച ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹോട്ടല്‍ മുറിയിൽ നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു.
കരുനാഗപ്പള്ളിയിലെ ഹോട്ടലിലാണ് ഇരുവരും മുറിയെടുത്തത്. മുമ്പും ഇവർ ഇതേ ഹോട്ടലിൽ മൂന്ന് തവണ മുറിയെടുത്തിരുന്നു. ഇവർക്ക് എവിടെ നിന്നാണ് ലഹരിമരുന്ന് കിട്ടുന്നതെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.