ന്യൂഡല്‍ഹി: 2028 ന് മുമ്പ് ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പദ് വ്യവസ്ഥ ആയേക്കുമെന്ന് റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയാണ് ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പദ്‌വ്യവസ്ഥയാകുമെന്ന പ്രവചനം നടത്തിയിരിക്കുന്നത്.
2023ല്‍ തന്നെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 3.5 ട്രില്യണ്‍ ഡോളറായി വളര്‍ന്നിരുന്നു. 2026 ൽ അത് 4.7 ട്രില്യണ്‍ ഡോളറായി മാറുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതോടെ അമേരിക്ക, ചൈന, ജര്‍മനി എന്നിവയ്ക്ക് പിന്നില്‍ നാലാമത്തെ സാമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും.
2028ല്‍ ജര്‍മനിയെ പിന്തള്ളുമെന്നും 5.7 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ എന്ന രീതിയില്‍ മൂന്നാമത്തെ വലിയ സാമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നുമാണ് റിപ്പോർട്ട്. മോര്‍ഗന്‍സ്റ്റാന്‍ലിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവിലെ പോലെ വളര്‍ച്ച തുടര്‍ന്നാല്‍ 2035 ആകുമ്പോഴേക്കും ഇന്ത്യ 6.6 ട്രില്യണ്‍ ഡോളര്‍ എക്കണോമി ആയി മാറും. 1990-ല്‍ ഇന്ത്യ ലോകത്തെ 12-ാമത്തെ മാത്രം സാമ്പദ്‌വ്യവസ്ഥയായിരുന്നു.
പത്ത് വര്‍ഷത്തിനപ്പുറം 2000 ആയപ്പോഴേക്കും ഇന്ത്യ 13-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. പിന്നീട് 2020 ആപ്പോഴേക്കും ഇന്ത്യ ഒമ്പതാമത്തെ വലിയ സാമ്പദ്‌വ്യവസ്ഥയായി മാറി. 2023 ൽ ലോകത്തെ അഞ്ചാമത്തെ സാമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി.
മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനങ്ങള്‍ പ്രകാരം 2029 ൽ ആഗോള ജി.ഡി.പിയുടെ 3.5 ശതമാനം മുതല്‍ 4.5 ശതമാനം വരെ ഇന്ത്യയുടെ സംഭാവനയാകും.
ജനാധിപത്യം, ജനസംഖ്യ, അടിസ്ഥാന സൗകര്യ വികസനം, സംരംഭങ്ങള്‍ തുടങ്ങുന്നവരുടെ എണ്ണം കൂടുന്നത് തുടങ്ങി നിരവധി കാരണങ്ങളാണ് ഇന്ത്യയുടെ കുതിപ്പിന് ചാലകശക്തിയായി മാറുന്നത്.
ഇത് മാത്രമല്ല, ഇന്ത്യ ലോകത്തിലേറ്റവും വലിയ ഉപഭോക്തൃവിപണിയായി മാറുമെന്നും നിര്‍മാണ മേഖലയാകും ഇന്ത്യന്‍ ജിഡിപിയില്‍ പ്രധാന പങ്ക് വഹിക്കുകയെന്നും മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോർട്ടിൽ പറയുന്നു.