വയനാട്: പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി മന്ത്രി എ.കെ ശശീന്ദ്രൻ.
രാധയുടെ വീട് സന്ദര്‍ശിച്ച വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനാണ് ഉത്തരവ് കൈമാറിയത്.
രാധയുടെ കുടുംബത്തിലെ ഒരാള്‍ക്ക് താത്ക്കാലികമായി ജോലി നല്‍കുമെന്ന് മന്ത്രി നേരത്തേ പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് മന്ത്രി എ കെ ശശീന്ദ്രന്‍ രാധയുടെ വീട്ടിലെത്തിയത്.
മന്ത്രിക്കു നേരെ വൻ ജനരോഷമാണ് ഉയർന്നത്. മന്ത്രിക്ക് നേരെ കരിങ്കൊടി ഉയര്‍ത്തിയും കാര്‍ തടഞ്ഞും നാട്ടുകാര്‍ പ്രതിഷേധിച്ചു.
വന്‍ പൊലീസ് സന്നാഹത്തിന്റെ സഹായത്തോടെയാണ് മന്ത്രിക്ക് രാധയുടെ വീട്ടിൽ എത്താൻ കഴിഞ്ഞത്.
പ്രതിഷേധം തുടര്‍ന്നതോടെ മന്ത്രി ബേസ് ക്യാമ്പിലേക്ക് പോയി. ഇവിടെയും മന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു.
പ്രതിഷേധക്കാരുമായി മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.