കൊച്ചി: സിറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ചുമതലയേറ്റു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ചായിരുന്നു സ്ഥാനാരോഹണം. മെത്രാൻമാരും രൂപതാ പ്രതിനിധികളും സന്യാസ സഭാ സുപ്പീരിയർമാരും ഉൾപ്പെടെ ലളിതമായാണ് ചടങ്ങ് നടന്നത്. നിലവിൽ ഷംഷാബാദ് രൂപത ബിഷപ്പായ മാർ റാഫേൽ തട്ടിലിനെ ബുധനാഴ്ചയാണ് സിറോ മലബാർ സഭയുടെ പുതിയ ആർച്ച് ബിഷപ്പായി തിരഞ്ഞെടുത്തത്.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഡിസംബർ 7നു സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സിനഡ് ചേർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി മാർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തത്. മാർപാപ്പയുടെ അംഗീകാരത്തോടെ തീരുമാനം വത്തിക്കാനിലും സഭാ ആസ്ഥാനത്തും ഒരേസമയം പ്രഖ്യാപിക്കുകയായിരുന്നു. കുർബാന തർക്കം ഉൾപ്പടെയുള്ള പ്രതിസന്ധികളിലൂടെ സഭ കടന്നുപോകുന്ന ഘട്ടത്തിലാണ് മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേൽക്കുന്നത്.
1980 ലാണ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പൗരോഹിത്യം സ്വീകരിക്കുന്നത്. മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് പൗരോഹിത്യം നേടിയ ശേഷം അദ്ദേഹത്തിന്റെ തന്നെ സഹായിയായി ഏറെ നാൾ പ്രവർത്തിച്ചു. കുർബാന തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഹാരം കാണലാണ് തൻ്റെ ലക്ഷ്യമെന്നും ചർച്ചകൾക്കുള്ള സാധ്യതകൾ അടഞ്ഞിട്ടില്ലെന്നും റാഫേൽ തട്ടിൽ നേരത്തെ പ്രതികരിച്ചിരുന്നു. തങ്ങളെ കേൾക്കുന്ന നേതൃത്വത്തിനായാണ് കാത്തിരുന്നതെന്നും മാർ റാഫേൽ തട്ടിലിന്റെ വാക്കുകളിൽ പ്രതീക്ഷയുണ്ടെന്നും വിമത വിഭാഗവും പ്രതികരിച്ചിരുന്നു.
Read Also: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിക്കാതിരിക്കാന്‍ അട്ടിമറി നടന്നു; ആരോപണവുമായി വി ഡി സതീശന്‍