റോം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ അൾത്താരയിൽ സ്ഥാപിച്ചിരുന്ന 19ാം നൂറ്റാണ്ടിൽ നിർമ്മിച്ച വിളക്കുകാലുകൾ യുവാവ് തട്ടിമറിച്ചു.
ഏകദേശം 2,716,481 രൂപ വിലവരുന്ന വിളക്കുകാലുകൾ നശിപ്പിച്ച ശേഷം പീഠത്തിലുണ്ടായിരുന്ന തുണി നശിപ്പിക്കാനൊരുങ്ങവെ സുരക്ഷാ ഭടന്മാർ യുവാവിനെ പിടികൂടുകയായിരുന്നു. മാർപ്പാപ്പമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഉപയോഗിക്കുന്ന ചരിത്ര പ്രാധാന്യമുള്ള വിളക്കുകാലുകളാണ് യുവാവ് നശിപ്പിച്ചത്.
ജിയാൻ ലോറെൻസോ ബെർണിനി ബസിലിക്കയിലൊരുക്കിയ പ്രശസ്തമായ ശിലാ മേൽക്കൂരയ്ക്ക് സമീപത്തെ അൾത്താരയിലാണ് യുവാവിന്റെ അക്രമം നടത്തിയത്.
31000 യുഎസ് ഡോളർ (ഏകദേശം 2,716,481 രൂപ) വിലവരുന്നതാണ് ഈ വിളക്കുകാലുകൾ എന്നാണ് റിപ്പോർട്ട്. യുവാവിന് മാനസികാരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നതായി സംശയിക്കുന്നതായാണ് വത്തിക്കാന്റെ ഔദ്യോഗിക വക്താവ് പറയുന്നത്. ജൂബിലി വർഷത്തിൽ 32 ദശലക്ഷം വിശ്വാസികൾ റോമിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
സംഭവത്തിന് പിന്നാലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ദേവാലയത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 1972ൽ ആക്രമണം നേരിടേണ്ടി വന്ന മൈക്കലാഞ്ചലോ ഒപ്പുവെച്ച വ്യാകുലമാതാവിന്റെ ശിൽപത്തിന് ചില്ലു കൊണ്ടുള്ള കവചം നൽകിയിരുന്നു.
2019ലും സമാനമായ രീതിയിൽ ഒരു യുവാവ് വിളക്കുകാലുകൾ അൾത്താരയിൽ നിന്ന് വലിച്ചെറിഞ്ഞിരുന്നു.”