മലയാളി കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി. ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് ദുർഗ് സെഷൻസ് കോടതിയാണ് വ്യക്തമാക്കിയത്. തുടർന്ന് കേസ് ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റി.
വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് രാവിലെ മുതൽ ബജ്രംഗ്ദൾ പ്രവർത്തകർ കോടതി പരിസരത്ത് പ്രതിഷേധവുമായി എത്തിയിരുന്നു. ജ്യോതി ശർമയുൾപ്പെടെയുള്ള നേതാക്കൾ മുദ്രാവാക്യം വിളികളോടെയാണ് കോടതിക്ക് മുന്നിലേക്ക് എത്തിയത്.
അറസ്റ്റ് ചെയ്യുന്ന സമയത്ത് ബജ്രംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യാതൊരു കാരണവശാലും കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ബജ്രംഗ്ദൾ പ്രവർത്തകർ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ പരിഗണിക്കാതെ വന്നതോടെ കോടതിക്ക് പുറത്ത് ഇവർ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. ഇതോടെ ഇവർ ജയിലിൽ തുടരുമെന്ന് വ്യക്തമായി. അഞ്ചു ദിവസം മുമ്പാണ് മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി
ദുർഗ്: ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. ഇതോടെ ഇരുവരും ദുർഗിലെ സെൻട്രൽ ജയിലിൽ തുടരും.
സെഷൻ കോർട്ടിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികൾ എത്തുക. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലി ചെയ്യുന്നതിനായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്.
മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചു ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ഇവരെ തടഞ്ഞു വെക്കുകയായിരുന്നു.
ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകൾക്ക് എതിരെ പോലീസ് ചുമത്തിയത്. മനുഷ്യക്കടത്തും, നിർബന്ധിത മത പരിവർത്തനവും അടക്കം 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ എഫ്ഐആർ തയ്യാറാക്കിയത്.
കേസിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയാണ് ഒന്നാം പ്രതി. സിസ്റ്റർ വന്ദന ഫ്രാൻസിസ് രണ്ടാം പ്രതിയും പെൺകുട്ടികളുടെ ബന്ധു സുഖ്മൻ മണ്ടാവി മൂന്നാം പ്രതിയുമാണ്.
ഇവർക്കെതിരെ ഛത്തീസ്ഗഡ് മത സ്വാതന്ത്ര്യ നിയമത്തിലെ നാല്, ഭാരതീയ ന്യായ സംഹിത 143 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ആണ് ഇവ.
കൂടാതെ പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റിയതായും മനുഷ്യ കടത്തും സംശയിക്കുന്നുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. ദുർഗ് റെയിൽവെ സ്റ്റേഷനിലെ ആർപിഎഫ് ഉദ്യോഗസ്ഥർ പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ കണ്ടതായി അറിയിച്ചതാണ് കേസിന് ആധാരം.
അതേസമയം ബജ്റംഗ്ദൾ പ്രവര്ത്തകര് റെയിൽവെ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പോലീസിനെ സമ്മർദ്ദത്തിലാക്കി ആണ് കേസെടുപ്പിച്ചതെന്നും ഇവർക്ക് സർക്കാരിൻ്റെ പിന്തുണ ഉണ്ടെന്നും ദൃക്സാക്ഷിയായ മലയാളി വൈദികൻ ആരോപിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതികരണവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി
റായ്പൂര്‍: കേരളത്തില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് രംഗത്ത്.
സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവുമാണ് ഇവര്‍ക്കെതിരായ പ്രധാനമായ കുറ്റങ്ങള്‍.
“ഇത് സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. അന്വേഷണ നടപടികള്‍ ഇതുവരെ തുടരുകയാണ്. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണുള്ളത്. നിയമം അതിന്റെ വഴിക്കുപോകും.
എല്ലാ മതങ്ങളിലെയും സമുദായങ്ങളിലെയും ആളുകള്‍ ഐക്യത്തോടെ ജീവിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ബസ്തറിലെ പെണ്‍മക്കളുടെ സുരക്ഷയെക്കുറിച്ചുള്ള വിഷയത്തെ രാഷ്ട്രീയ വലിപ്പമാക്കുന്നത് വളരെ ദുഃഖകരമാണ്,” -മുഖ്യമന്ത്രി പറഞ്ഞു.
ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സഭക്ക് കീഴിലുള്ള സ്ഥാപനത്തിലേക്ക് ജോലിക്കായി മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയ കന്യാസ്ത്രീകളായ പ്രീതി മെറി, വന്ദന ഫ്രാൻസിസ് എന്നിവരെയും സുകമാൻ മാണ്ഡവി എന്നയാളെയും അറസ്റ്റ് ചെയ്തത്.
ബജ്റംഗ്ദൾ പ്രവർത്തകരാണ് ഇവരെ സ്റ്റേഷനിൽ തടഞ്ഞ് പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവുമെന്ന പരാതിയെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
English Summary :
The Durg Sessions Court in Chhattisgarh refused to hear the bail plea of Malayali nuns, citing lack of authority. The case has now been moved to the Bilaspur NIA Court.