സിബില്‍ സ്‌കോര്‍ കുറഞ്ഞതിന്റെ പേരില്‍ ഒരു കല്യാണം അടിച്ചു പിരിഞ്ഞു. കേട്ടുകേൾവി ഇല്ലാത്ത സംഭവം നടന്നത് മഹാരാഷ്ട്രയിലെ മുര്‍തിസാപുരിലാണ് . വധൂവരന്‍മാരും കുടുംബങ്ങളും തമ്മിലിഷ്ടപ്പെട്ട് ആലോചിച്ച് ഉറപ്പിച്ചതായിരുന്നു വിവാഹം.
ഇതിന് ശേഷം വധുവിന്റെ അമ്മാവന്‍മാരിലൊരാള്‍ വരന്റെ സിബില്‍ സ്‌കോര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കിട്ടുന്നിടത്തു നിന്നെല്ലാം ലോണെടുത്ത് ധാരാളിത്തം കാട്ടുന്ന പ്രകൃതക്കാരനാണ് പയ്യനെന്ന് കണ്ടെത്തിയതോടെയാണ് വധുവിന്റെ വീട്ടുകാര്‍ വിവാഹ ബന്ധത്തില്‍ നിന്ന് പിന്‍മാറിയത്.
സാമ്പത്തിക അച്ചടക്കം ഇല്ലാത്ത യുവാവിനോടൊപ്പമുള്ള അനന്തരവളുടെ ജീവിതം ദുരിതപൂര്‍ണമായിരിക്കുമെന്ന അമ്മാവന്റെ ദീര്‍ഘ ദര്‍ശനമാണ് ഇത്തരത്തിൽ കടുത്ത തീരുമാനമെടുക്കാന്‍ വീട്ടുകാരേയും പ്രേരിപ്പിച്ചത്.
കല്യാണത്തില്‍ വില്ലനായി സിബില്‍ സ്‌കോര്‍ അവതരിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഇനി മുതല്‍ ജാതകപ്പൊരുത്തം തേടി ജോത്സ്യന്റെ അടുത്തു പോകന്നതിന് മുന്നേ രണ്ടു പേരുടേയും സിബില്‍ സ്‌കോര്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടി വരും.