നെടുമങ്ങാട്: തോടിന്റെ കരയിൽ നാണയ തുട്ടുകളും നോട്ടുകളും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. ഉപേക്ഷിക്കപ്പെട്ട പണം മോഷണമുതലാണോ എന്ന സംശയമാണ് നാട്ടുകാർ ഉയർത്തുന്നത്.
ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധന വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് താന്നിമൂട് ചിറയിൻകോണത്ത് ബസ് സ്‌റ്റോപ്പിനടുത്ത് റോഡരുകിലെ ചിറയക്കു സമീപത്തെ തോട്ടിൻ കരയിൽ ചില്ലറ തുട്ടുകളും നോട്ടുകളും കണ്ടെത്തിയത്.
ടാപ്പിംഗ് തൊഴിലാളി വിജയനാണ് ഇവ ആദ്യം കണ്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സമീപവാസിയായ വിജയൻ തോട്ടിൽ തേങ്ങ കിടക്കുന്നത് കണ്ട് എടുക്കാൻ പോയപ്പോഴായിരുന്നു കൂമ്പാരം കൂട്ടിയിട്ടിരുന്ന നാണയ തുട്ടുകളും നോട്ടുകളും കണ്ടത്. വിജയൻ അറിയിച്ചതനുസരിച്ച് നാട്ടുകാർ നെടുമങ്ങാട് പൊലീസിൽ വിവരമറിയിച്ചു.
പ്രദേശത്തു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ക്ഷേത്രങ്ങളിൽ മോഷണം പതിവാണ്. കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർന്ന പണമാകാം ഉപേക്ഷിച്ചത് എന്നും സംശയമുണ്ട്.
അതേസമയം, പൊലീസ് സ്ഥലവാസികളുടെയോ സാക്ഷികളുടെയോ മോഴി രേഖപ്പെടുത്താതെയും മഹസർ തയ്യാറാക്കാതെയും നാണയ തുട്ടുകളും നോട്ടുകളും പ്ലാസ്റ്റിക് കവറുകളിൽ നീക്കം ചെയ്തത് പ്രതിഷേധത്തിനിടയാക്കി.
Locals raise suspicions that the abandoned money is due to theft