മികച്ച ജോലിയും മെച്ചപ്പെട്ട ജീവിതവും സ്വപ്നം കണ്ട് നാടും പ്രിയപ്പെട്ടവരെയും വിട്ട് അന്യനാട്ടിലേക്ക് ചേക്കേറുന്നവർ നിരവധിയാണ്. എന്നാൽ ഓരോ നാട്ടിലുള്ളവരുടെയും കുടിയേറ്റങ്ങൾ തമ്മിൽ പലവിധ വ്യത്യാസങ്ങളുണ്ട്. ആഭ്യന്തര യുദ്ധവും കൊടും പട്ടിണിയും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കുടിയേറ്റം മലയാളികളുടെ കുടിയേറ്റത്തിൽ നിന്ന് ഏറെ വിദൂരമാണ്.
ജീവൻ കൈയ്യിൽ പിടിച്ചുള്ള രണ്ടും വിട്ട കളിയ്ക്കിറങ്ങുന്ന മനുഷ്യരെ കാത്തിരിക്കുന്നത് കടുത്ത യാതനങ്ങളാണ്. ഇംഗ്ലീഷ് ചാനൽ കടന്നുള്ള കുടിയേറ്റ ശ്രമത്തിൽ ജീവൻ നഷ്ടമായവരും നിരവധിയാണ്. ഇത്തരത്തിൽ ആഭ്യന്തര യുദ്ധവും അസ്ഥിരതയും കൊടുമ്പിരി കൊണ്ട സുഡാനിൽ നിന്നും യുകെയിലേക്ക് ചേക്കേറിയ പെൺകുട്ടിയാണ് റിഷാൻ ബെലെറ്റ്. 2016 -ൽ ജന്മനാടായ സുഡാനിൽ നിന്ന് യുകെയിൽ എത്തുമ്പോൾ റിഷാൻ ബെലെറ്റിന്റെ പ്രായം വെറും 17 വയസ്സാണ്.
എന്നാൽ ഇന്ന് അവൾ യുകെയുടെ ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലായ എൻഎച്ച്എസിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. ഒരു ലോറിയുടെ പുറകിലിരുന്ന് യുകെയിൽ എത്തിയ റിഷാൻ ബെലെറ്റ് കഴിഞ്ഞവർഷമാണ് നഴ്‌സായി യോഗ്യത നേടിയത്. ഈസ്റ്റ് കെൻ്റിൽ ആണ് അവരിപ്പോൾ ജോലി ചെയ്യുന്നത്. സൗത്ത് ഈസ്റ്റിലെ 50000 -ത്തിലധികം വരുന്ന എൻഎച്ച്എസ് ജീവനക്കാരിൽ ഒരാളാണ് റിഷാൻ ബെലെറ്റ്. കെൻ്റ് സസെക്സിലും സറേയിലുമായി ഏകദേശം 25% എൻഎച്ച്എസ് സ്റ്റാഫുകൾ വിദേശത്തുനിന്നുള്ളവരാണ്.
സുഡാനിൽ നിന്ന് എത്തിയ തനിക്ക് യുകെയിലെ ഭാഷയും സംസ്കാരവും ആദ്യകാലഘട്ടങ്ങളിൽ ഏറെ വിഷമകരമായിരുന്നു എന്ന് റിഷാൻ പറയുന്നു. നിയമ വിരുദ്ധ കുടിയേറ്റമായിരുന്നെങ്കിലും ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് സുഡാൻ വിട്ട് ലിബിയ, മെഡിറ്റേറിയൻ കടലിലൂടെ യാത്ര ചെയ്ത് യുകെയിൽ എത്തിയ റിഷാന്റെ ജീവിതം ഒരു അപൂർവ്വ അതിജീവന പോരാട്ടത്തിന്റെ നേർസാക്ഷ്യമാണ്.