തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. നവീന്‍ ബാബു എന്‍ഒസി വൈകിപ്പിച്ചില്ലെന്നും എഡിഎം കൈക്കൂലി വാങ്ങിയതിന തെളിവില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത റിപ്പോര്‍ട്ട് കൈമാറിയത്.(Land Revenue Joint Commissioner’s inquiry report into ADM Naveen Babu’s death handed over to government)
പിപി ദിവ്യ ആരോപിച്ചതുപോലെ എഡിഎം കൈക്കൂലി വാങ്ങിയതായി യാതൊരു തെളിവുമില്ല. പെട്രോള്‍ പമ്പിന്റെ എന്‍ഒസി വൈകിപ്പിക്കുന്നതില്‍ എഡിഎം കാലതാമസം വരുത്തിയിട്ടില്ല. ക്രമപരമായി എന്തെല്ലാമാണോ ചെയ്യാന്‍ കഴിയുന്നത് അതെല്ലാം ചെയ്തിട്ടുണ്ട്. നിയമപരമായി പ്രവര്‍ത്തിച്ച എഡിഎം അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും എഡിഎം ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോര്‍ട്ട് തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടുദിവസത്തിനകം സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് റവന്യൂ വകുപ്പ് ഓഫീസ് അറിയിച്ചിട്ടുള്ളത്. അതേസമയം നവീന്‍ ബാബുവിനെ യാത്രയയപ്പു ചടങ്ങില്‍ ആക്ഷേപിക്കുന്ന വിഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറിയതു പിപിദിവ്യയാണെന്ന് എ ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിഡിയോ പകര്‍ത്തിയ ചാനല്‍ പ്രവര്‍ത്തകരില്‍ നിന്നു ജോയിന്റ് കമ്മിഷണര്‍ വിവരങ്ങളും ദൃശ്യങ്ങളുടെ പകര്‍പ്പും ശേഖരിച്ചിരുന്നു.