കോട്ടയത്ത് നിന്നും കൊച്ചിക്ക് ഒരു മണിക്കൂർ…ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാർക്കും പ്രയോജനകരമായ പാത; രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കാൻ നിർദേശം
കോട്ടയം: കേരളത്തിലെ വ്യവസായ തലസ്ഥാനമായ കൊച്ചിയുമായി അടുത്തു കിടക്കുന്ന നഗരമാണ് കോട്ടയം. റബ്ബർ അടക്കമുള്ള നാണ്യവിളകളുടെ കേന്ദ്രമായ നഗരം. എന്നാൽ, ഇരു പട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാൻ നല്ലൊരു പാതയില്ലെന്നതാണ് വസ്തുത. എന്നാൽ, ഇരു പട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാൻ നല്ലൊരു പാതയില്ലെന്നതാണ് വസ്തുത.
കോട്ടയത്തു നിന്നും അതിവേഗം കൊച്ചിയിൽ എത്താൻ വിശാലമായൊരു പാത വേണമെന്ന ആവശ്യം കുറച്ചായി നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി കോട്ടയം- എറണാകുളം പാതയ്ക്ക് പച്ചക്കൊടി കാട്ടിയിരിക്കയാണ്.
കോട്ടയത്തുനിന്ന് എറണാകുളത്തേക്കുള്ള പുതിയ പാതയുടെ കരട് റിപ്പോർട്ട് കേന്ദ്രസർക്കാർ കാര്യമായി തന്നെ പരിഗണിക്കുന്നു എന്നാണ് വിവരം. ദേശീയപാത 183, 66 എന്നിവയെ ബന്ധിപ്പിച്ച് കോട്ടയത്തുനിന്ന് ആരംഭിച്ച് കുമരകം, വെച്ചൂർ, വൈക്കം വഴിയാണ് എറണാകുളത്തേക്ക് പുതിയ പാത എത്തുന്നത്.
ഇത് സംബന്ധിച്ച കരട് റിപ്പോർട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു സമർപ്പിച്ചിട്ടുണ്ട്. സ്ഥലം എംപി ഫ്രാൻസിസ് ജോർജാണ് റിപ്പോർട്ട് മന്ത്രിക്ക് നൽകിയത്. റിപ്പോർട്ട് പരിശോധിച്ച് വിശദമായ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
മന്ത്രിയുടെ ശ്രദ്ധയിൽ പദ്ധതി പെടുത്തിയതോടെ പ്രതീക്ഷയിലാണ് കോട്ടയംനിവാസികൾ. പൂർണമായും പുതിയ പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആൾപ്പാർപ്പ് കുറഞ്ഞ മേഖലയിലൂടെയാണ് റോഡ് കടന്നു പോകുന്നത്. പാടശേഖരങ്ങൾ വഴിയാണു റോഡിന്റെ ഭൂരിഭാഗം ഭാഗങ്ങളും കടന്നു പോകുന്നത്. കവണാറ്റിൻകര- കൈപ്പുഴമുട്ട് ഭാഗത്താണ് നിലവിലെ റോഡിന്റെ ഭാഗങ്ങൾ ഭാഗികമായി ഉപയോഗിക്കുന്നത്. സമതല പ്രദേശങ്ങൾ വഴി റോഡ് കടന്നു പോകുന്നതു നിർമാണം വേഗത്തിലാക്കും.
കൃഷി, നീരൊഴുക്ക് എന്നിവയുള്ള സ്ഥലങ്ങളിൽ ഉയരപ്പാത നിർമിക്കാൻ നിർദേശമുണ്ട്. അധികം സാങ്കേതിക പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു പോകാൻ പദ്ധതി വഴി സാധിക്കും. കോട്ടയം, ഇടുക്കി, ആലപ്പുഴ പത്തനംതിട്ട ജില്ലകൾക്കാണ് പാത പ്രയോജനം ചെയ്യുക. മധ്യ കേരളത്തിലെ ഗതാഗത, വ്യാപാര, വ്യവസായരംഗത്തിനു സഹായകരമാണ് ഈ റോഡ്.
ഒരു മണിക്കൂറിൽ കോട്ടയത്തുനിന്ന് തൃപ്പൂണിത്തുറയിൽ എത്താമെന്ന സ്ഥിതിയുണ്ട്. നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളം അടക്കമുള്ള സ്ഥലങ്ങളിലേക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാമെന്നതും കുമരകം അടക്കമുള്ള കേന്ദ്രത്തിലേക്കു വിദേശികൾ അടക്കമുള്ളവർക്ക് കൊച്ചിയിൽനിന്നു വേഗത്തിൽ എത്താമെന്നതും പാതയുടെ നേട്ടങ്ങളാണ്. ഉൾനാടൻ ടൂറിസത്തിനും ഇത് ഏറെ സഹായകരമാകും.
കോട്ടയത്തിനും കൊച്ചിക്കും ഇടയിൽ പ്രതിദിനം ഓടുന്നത് റോഡിന്റെ ശേഷിയുടെ 9 ഇരട്ടി വാഹനങ്ങളാണ്. ഇതു പരിഗണിച്ചാണു പുതിയ റോഡിനുള്ള നിർദേശം അംഗീകരിച്ചത്. ഭാവിയിൽ എന്തായാലും ഈ പാത അനിവാര്യമായി വരും.
ദേശീയപാതാ അതോരിറ്റി പരിഗണിക്കുന്ന റോഡ് യാഥാർഥ്യമാകണമെങ്കിൽ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം സ്ഥലത്തെത്തി പാത സംബന്ധിച്ച പഠനം നടത്തേണ്ട സാഹചര്യമുണ്ട്. ഇപ്പോഴുള്ള നിർദേശങ്ങൾ തന്നെ സംഘം അനുവദിക്കുമോ എന്നതും ശ്രദ്ധേയമാണ്.
നിലവിലുള്ള പാതയിലെ തിരക്ക്, നിർമാണ ചെലവ്, പുതിയ പാതയുടെ പ്രയോജനം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ചേർത്തുള്ള പഠനം നടത്തും. പഠനം അനുകൂലമായാൽ കൺസൽറ്റൻസിയെ നിയമിക്കും. ഈ കൺസൽറ്റൻസി അലൈൻമെന്റ് അടക്കം വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കും.
ഇതു കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതിക്കായി നൽകും. പാതയുടെ സാമ്പത്തിക വശം അടക്കം പഠിച്ച ശേഷം ഗതാഗത മന്ത്രാലയം അനുമതി നൽകണോ വേണ്ടയോ എന്നു തീരുമാനിക്കും. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമാണ് റോഡിന്റെ അലൈൻമെന്റ് ഏതെന്ന് ഉറപ്പിക്കുന്നത്.
English Summary:
Union Minister Nitin Gadkari approves draft report for the new Kottayam–Ernakulam highway via Kumarakom, Vechur, and Vaikom. The project aims to ease traffic, boost trade, and improve tourism in central Kerala.









