കൊച്ചി: ഇടപ്പള്ളിയില്‍ സ്കൂളിലേക്ക് പോയ 13 വയസുകാരനെ കാണാതായി. എളമക്കര സ്വദേശിയായ മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് കാണാതായത്/
സ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോയ കുട്ടി വീട്ടിൽ തിരിച്ചു വന്നില്ല. ഇതേ തുടർന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു. കുട്ടി സ്കൂൾ യൂണിഫോം ആണ് ധരിച്ചിരിക്കുന്നത്. കാണാതാകുന്ന സമയത്ത് ചെറിയ ബ്ലാക്ക് കളർ ഷോൾഡർ ബാഗ് ധരിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. പൊലീസും കുട്ടിയുടെ ബന്ധുക്കളും ഇടപ്പള്ളി കേന്ദ്രീകരിച്ച് വിശദമായ തിരച്ചില്‍ നടത്തുന്നുണ്ട്.
രാവിലെ 9.30 നാണ് കുട്ടി പരീക്ഷയെഴുതാനായി എത്തിയത്. പിന്നീട് കുട്ടി ഇടപ്പള്ളി ഭാഗത്ത് കൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9633020444 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
അതിരമ്പുഴയിൽ നിന്ന് കാണാതായ വനിതാ പഞ്ചായത്ത് അംഗത്തെയും മക്കളെയും കണ്ടെത്തി
കോട്ടയം: കോട്ടയം അതിരമ്പുഴയിൽ നിന്ന് കാണാതായ വനിതാ പഞ്ചായത്ത് അംഗത്തെയും രണ്ടു പെൺമക്കളെയും കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്ത് 20–ാം വാർഡ് അംഗം ഐസി സാജനെയും പെൺകുട്ടികളെയും എറണാകുളത്തെ ലോഡ്ജിൽ നിന്നാണ് കണ്ടെത്തിയത്.
യുവതിയുടെ മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഏറ്റുമാനൂർ പോലീസ് മൂവരെയും കണ്ടെത്തിയത്. ഇന്ന് രാവിലെ മുതലാണ് ഐസിയെയും മക്കളെയും കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഇവരെ കാണാതാകുന്നതിനു മുൻപ് ഐസി ഫേസ്ബുക്കിൽ ഭർതൃവീട്ടുകാർക്കും പൊലീസിനുമെതിരെ പോസ്റ്റിട്ടിരുന്നു. രണ്ടു വർഷം മുൻപാണ് ഐസിയുടെ ഭർത്താവ് സാജൻ മരിച്ചത്. തുടർന്ന് ഭർത്താവിന്റെ ബന്ധുക്കളിൽ നിന്നു സ്വത്ത് വീതം വച്ച് നൽകണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സ്വത്ത് വിഹിതമായി 60 ലക്ഷം രൂപ ഐസിക്ക് നൽകാൻ പൊലീസ് നിർദേശിച്ചു. തുടർന്ന് ആദ്യഗഡുവായി 10 ലക്ഷം രൂപ നൽകുകയും ചെയ്തിരുന്നു. എന്നാൽ ബാക്കിയുള്ള 50 ലക്ഷം രൂപ നൽകാൻ വൈകിയതിനു പിന്നാലെയാണ് ഐസി ഭർതൃവീട്ടുകാർക്കും പൊലീസിനുമെതിരെ പോസ്റ്റിട്ടത്.