തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്താറുള്ള പാലക്കാട് ജില്ലയിൽ 38ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 37ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 36ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണനിലയിൽ രേഖപ്പെടുത്തുന്നതിനേക്കാൾ 2 – 3ഡിഗ്രി സെൽഷ്യസ് താപനിലവരെയാണ് ഉയരാൻ സാധ്യത.
മാത്രമല്ല സംസ്ഥാനത്തെ അൾട്രാവയലറ്റ് രശ്മികളുടെ വികിരണതോതും വളരെ ഉയർന്ന നിലയിലാണുള്ളത്. കൊല്ലം ജില്ലയിൽ റെഡ് ലെവലിലാണ് അൾട്രാവയലറ്റ് രശ്മികളുടെ സൂചിക.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഓറഞ്ച് ലെവലിലും, കോഴിക്കോട്, തൃശൂർ, എറണാകുളം, വയനാട്, തിരുവനന്തപുരം, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ ലെവലിലുമാണ് അൾട്രാവയലറ്റ് സൂചികയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. പകൽസമയം നേരിട്ട് വെയിൽ കൊള്ളുന്നത് സൂര്യതാപമേൽക്കാൻ കാരണമാകും, അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.