തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈ സാമ്പത്തിക വർഷം യാത്രകൾക്കായി 1.18 കോടി രൂപ ചെലവഴിച്ചതായി കണക്ക്. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഗവർണറുടെ യാത്രാച്ചെലവിൽ 34 ലക്ഷം രൂപയാണ് കുടിശികയായത്. ഈ തുക അനുവദിക്കണമെന്ന ആവശ്യവുമായി രാജ്ഭവൻ നിരന്തരം കത്തയച്ചതോടെ ആറരലക്ഷം രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.
സർക്കാർ ഏജൻസിയായ ഒഡെപെക് വഴിയാണ് ഗവർണറുടെ യാത്രകൾക്ക് വിമാനടിക്കറ്റെടുക്കുന്നത്. ഈ പണം കൊടുക്കാൻ വേണ്ടിയാണു രാജ്ഭവൻ സർക്കാരിനോട് പണം ആവശ്യപ്പെടുന്നത്. കഴിഞ്ഞ രണ്ടരവർഷം മൂന്നിലൊന്നു ദിവസവും ഗവർണർ കേരളത്തിനു പുറത്താണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2021 ജൂലായ് 29 മുതൽ ജനുവരി ഒന്നുവരെയുള്ള 1095 ദിവസങ്ങളിൽ 328 ദിവസവും കേരളത്തിലുണ്ടായിരുന്നില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ വെളിപ്പെടുത്തൽ. ഇതിനിടെയാണ് യാത്രക്കൂലി സംബന്ധിച്ച പുതിയ കണക്കുകൾ.
സർക്കാരിന്റേത് ധൂർത്തെന്ന് ഗവർണർ കുറ്റപ്പെടുത്തുമ്പോൾ രാജ്ഭവന്റെ ചെലവുകൾ ബജറ്റ് വിഹിതവും കടന്നെന്നാണ് ധനവകുപ്പിന്റെ വിമർശനം. രാജ്ഭവന്റെ ചെലവുകൾക്കായി 12.52 കോടി രൂപയാണ് നടപ്പുവർഷത്തെ ബജറ്റ് വിഹിതം. ഇതിനു പുറമേ, 2.19 കോടിരൂപ അധികമായി ഇതുവരെ അനുവദിച്ചിട്ടുണ്ട്. ഇതിൽ യാത്രയ്ക്കു മാത്രമായി 84 ലക്ഷം രൂപ അധികം നൽകി. അതിഥിസത്‌കാരത്തിന് 20 ലക്ഷം വേറെയും കൊടുത്തു. എന്നാൽ, യാത്രച്ചെലവിനുള്ള സർക്കാർ വിഹിതം അപര്യാപ്തമാണെന്നാണ് രാജ്ഭവന്റെ വാദം.
ഏറ്റവുമൊടുവിൽ, ടൂർ ടി.എ. ഇനത്തിൽ ഒഡെപെക്കിന് 34 ലക്ഷം രൂപ നൽകാനുണ്ടെന്നു ചൂണ്ടിക്കാട്ടി ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദവേന്ദ്രകുമാർ ധൊദാവത്ത് കത്തയച്ചു. ഈ വർഷം ജനുവരി 31 വരെയുള്ള യാത്രക്കുടിശ്ശികയാണ് ഈ തുക. സമ്മർദം രൂക്ഷമായതിനാൽ മന്ത്രി കെ.എൻ. ബാലഗോപാൽ പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് ആറര ലക്ഷം രൂപ ഉടൻ നൽകാൻ തീരുമാനിക്കുകയായിരുന്നു. സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ മുഴുവൻ തുകയും ഇപ്പോൾ നൽകാനാവില്ലെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.