ന്യൂഡൽഹി: സമഗ്ര ശിക്ഷ അഭിയാൻ (എസ്എസ്എ) പദ്ധതിയുടെ ഭാഗമായി കേരളത്തിന് ആദ്യ ഗഡുവായി 92.41 കോടി രൂപ കേന്ദ്രം അനുവദിച്ചു.
വിദ്യാഭ്യാസ വകുപ്പാണ് ഈ ഫണ്ട് കൈപ്പറ്റിയത്. ആദ്യഗഡുവിനായി 109 കോടി രൂപയായിരുന്നു കേരളം കേന്ദ്രത്തിന് സമർപ്പിച്ച പ്രൊപ്പോസൽ.
ഇതിൽ ബാക്കി 17 കോടി രൂപ ലഭിക്കാനുള്ളത് മാത്രമാണ്. ഫണ്ട് തടസ്സപ്പെടുമോയെന്ന ആശങ്കകൾക്കിടയിലാണ് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിനുശേഷം ഫണ്ട് സംസ്ഥാനത്തെത്തിയത്.
സ്പെഷ്യൽ എഡ്യൂക്കേറ്റർ നിയമനക്കേസിൽ കേന്ദ്ര നിലപാട് വ്യക്തം
സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ഫണ്ടിനെ കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമായത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്‌തതായും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ നിയമിക്കാത്തതിന് കാരണം കേന്ദ്രം എസ്എസ്എ ഫണ്ട് തടഞ്ഞുവെച്ചതാണെന്നായിരുന്നു മുൻപ് കേരളത്തിന്റെ വാദം.
ഈ സാഹചര്യത്തിലാണ് ഫണ്ട് അനുവദിക്കാൻ സന്നദ്ധതയുള്ളതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്.
അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടിയാണ് ഈ തീരുമാനം കോടതിയെ അറിയിച്ചത്.
17 കോടി കൂടി ലഭിക്കാനുണ്ട്; ആദ്യഗഡുവായി 92.41 കോടി
പിഎം-ശ്രീ സ്കൂൾ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ കേരളം മരവിപ്പിച്ചതിനെ തുടർന്ന് എസ്എസ്എ ഫണ്ട് ലഭിക്കുമോയെന്ന ആശങ്ക സംസ്ഥാനത്ത് നിലനിന്നിരുന്നു.
ഈ പശ്ചാത്തലത്തിൽ കേസ് പരിഗണിച്ച സുപ്രീംകോടതി, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമന നടപടികൾ പൂർത്തിയായ വിവരം കോടതിയെ അറിയിക്കാൻ നിർദ്ദേശം നൽകി. ജനുവരിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സംസ്ഥാനത്തോട് നൽകിയ നിർദ്ദേശം.
English Summary
Kerala has received the first installment of ₹92.41 crore under the Samagra Shiksha Abhiyan (SSA) after the Centre informed the Supreme Court of its approval.









