മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയ കട്ടപ്പന സ്വദേശിക്ക് പിഴ
ഇടുക്കി കട്ടപ്പനയിൽ നിന്നും തമിഴ്നാട്-കേരള അതിര്ത്തിയിലുള്ള തമിഴ്നാട് കമ്പംമെട്ട് വനമേഖലയില് മാലിന്യം തള്ളാന് ശ്രമിച്ചയാൾക്ക് തമിഴ്നാട് വനംവകുപ്പ് 25,000 രൂപ പിഴ ചുമത്തി.
കട്ടപ്പന സ്വദേശി സണ്ണി ഫ്രാന്സീസി(63)നാണ് പിഴ ചുമത്തിയത്. കട്ടപ്പനയിലെ തന്റെ കടയില് നിന്ന് പച്ചക്കറി മാലിന്യം ജീപ്പില് കയറ്റി തമിഴ്നാട് വനമേഖലയില് നിക്ഷേപിക്കാന് കൊണ്ടുവന്നപ്പോഴാണ് പിടികൂടിയത്.
കമ്പംമേട്ട് വനം വകുപ്പ് ചെക്ക് പോസ്റ്റില് ഫോറസ്റ്റര് പരമേശ്വരന്റെ നേതൃത്വത്തില് നടത്തിയ പരിശോധനയിലാണ് ഇയാള് പിടിയിലായത്.
കേരളത്തില് നിന്നും വ്യാപകമായ രീതിയില് തമിഴ്നാട് വനമേഖലകളില് മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണെന്ന് തമിഴ്നാട് വനപാലകര് പറഞ്ഞു. മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി വിവിധ ഇടങ്ങളില് സിസിടിവി സ്ഥാപിച്ചിട്ടുണ്ട്.
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്ന വാനിൽ ഇടിച്ചു
വിഴിഞ്ഞത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിൽ നിർത്തിയിട്ടിരുന്ന ട്രാവലർ വാനിന്റെ പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം വളഞ്ഞ് ഡ്രൈവർ സീറ്റിൽ കുടുങ്ങി.
വണ്ടിയോടിച്ചിരുന്ന വണ്ടിത്തടം പൊറ്റവിള വീട്ടിൽ ശ്യാംകുമാറിന്റെ(48)യും ഭാര്യ ശൈലജയ്ക്കും (47) കാലുകൾക്ക് ഒടിവുണ്ട്. , ഇവരുടെ സുഹ്യത്തായ നെടുമങ്ങാട് സ്വദേശിനി സിന്ധു(48) വിനും ഗുരുതര പരിക്കേറ്റു.
അപകടത്തെ തുടർന്ന് സ്ഥലതെത്തിയ വിഴിഞ്ഞം പോലീസ് അഗ്നിരക്ഷാസേനാധികൃതരെ വിളിച്ചുവരുത്തി ഓട്ടോറിക്ഷയുടെ മുൻഭാഗം വെട്ടിമാറ്റിയാണ് ഡ്രൈവർ ശ്യാംകുമാറിനെ പുറത്തെടുത്തത്.
ശനിയാഴ്ച വൈകിട്ട് 4.30 ഓടെ കോവളം വിഴിഞ്ഞം റോഡിലെ തിയേറ്റർ ജങ്ഷനിലായിരുന്നു അപകടമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
108 ആംബുലൻസിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. സ്റ്റേഷൻ ഓഫീസർ പ്രമോദിന്റെ നേത്യത്വത്തിൽ എ.എസ്.ടി.ഒ. ഷാജി, സേനാംഗങ്ങളായ ശ്യാംധരൻ, പ്രണവ്, സാജൻരാജ്, ആന്റു, അരുൺ, ജിബിൻ എസ്. സാം, സജികുമാർ എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.









