കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടി നൽകി കേരളത്തിലെ യാത്രക്കാർക്ക് വേണ്ടി അത്യാഡംബര ബസ്സുകൾ ഇറക്കാൻ കർണാടക ആർടിസി. കെഎസ്ആർടിസിയെ സംബന്ധിച്ച് ഏറ്റവും ലാഭത്തിൽ ഓടുന്ന കൊച്ചി കോഴിക്കോട് ബംഗളൂരു റൂട്ടിലാണ് പുതിയ സർവീസ് തുടങ്ങുക. കോഴിക്കോട് നിന്നും കൊച്ചിയിൽ നിന്നും നിരവധി ആളുകളാണ് ദിനംപ്രതി ബംഗ്ലൂരിലേക്ക് പോകുന്നത്. ഇവിടങ്ങളിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസിയോട് ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ നാളിതുവരെ കണ്ട ഭാവം നടിക്കാത്ത കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടിയാണ് കർണാടകയുടെ മൾട്ടി ആക്സിൽ സർവീസ്.
പുതുപുത്തൻ മൾട്ടി ആക്സിൽ സ്ലീപ്പർ അംബാരി ബസ്സുകൾ ആണ് കൊച്ചിയിലേക്കും കോട്ടയത്തേക്കും കർണാടകയുടെ വക സർവീസ് നടത്താൻ ഒരുങ്ങുന്നത്. എറണാകുളത്തേക്ക് അംബാരി ഉത്സവും കോട്ടയം ആലപ്പുഴ എന്നിവിടങ്ങളിലെ യാത്രക്കാരെ ലക്ഷ്യമിട്ട് അംബാരി ഡ്രീം ക്ലാസ് സർവീസുകളുമാണ് കർണാടക ആരംഭിക്കാൻ ഒരുങ്ങുന്നത്. ആലപ്പുഴ കോട്ടയം റൂട്ടിൽ നിലവിലുള്ള ഐരാവതി ക്ലബ്ബ് ക്ലാസ് സെമി സ്ലീപ്പർ ബസ്സുകൾക്ക് പകരമായാണ് പുതു പുത്തൻ സ്ലീപ്പർ ബസുകൾ ഓടിക്കുക. കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്കും സ്ഥിരമായി യാത്ര ചെയ്യുന്ന യാത്രക്കാരുടെ തിരക്ക് എല്ലാ ദിവസവും ഉണ്ടെന്നിരിക്കെ വാരാന്ത്യങ്ങളിലെ കുട്ടികളുടെ തിരക്ക് കൂടിയാകുമ്പോൾ ഈ സർവീസുകൾ സൂപ്പർഹിറ്റ് ആകുമെന്ന് ഉറപ്പാണ്.