കൽപ്പറ്റ: കനവ് എന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലൂടെ പ്രശസ്‌തനായ കെ.ജെ. ബേബി (കനവ് ബേബി) അന്തരിച്ചു.Kanav Baby passed away
70 വയസായിരുന്നു. വയനാട് നടവയൽ ചീങ്ങോട്ടെ വീട്ടിനോട് ചേർന്നുള്ള കളരിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്.
ഏറെ നാളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. വയനാട്ടിലെ ആദിവാസി ജനവിഭാഗത്തിലെ കുട്ടികളെ മുഖ്യധാരയിലെത്തിക്കാൻ അശ്രാന്തം പരിശ്രമിച്ച വ്യക്തിയാണ് കെ ജെ ബേബി. മനുഷ്യാവകാശങ്ങൾക്കായി പോരാടിയ ജീവിതം.
വയനാട്ടിലെ പിന്നാക്ക വിഭാഗത്തിന്റെ വികസനത്തിനായി ജീവിതം മാറ്റിവച്ച സാമൂഹിക പ്രവർത്തകനായിരുന്നു അദ്ദേഹം. എഴുത്തുകാരൻ, സംവിധായകൻ എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചു.
അപൂർണ, നാടുഗദ്ദിക, കുഞ്ഞപ്പന്റെ കുരിശ് മരണം, കീയൂലോകത്ത് നിന്ന്, ഉയിർപ്പ്, കുഞ്ഞിമായിൻ എന്തായിരിക്കും പറഞ്ഞത് എന്നീ നാടകങ്ങൾ രചിച്ചു.
ഗുഡ എന്ന സിനിമ സംവിധാനം ചെയ്തു. മാവേലിമന്റം, ബെസ്പുർക്കാന, ഗുഡ്ബൈ മലബാർ എന്നീ പുസ്‌തകങ്ങളും രചിച്ചു. നാടുഗദ്ദിക നാടകവും മാവേലിമന്റം നോവലും യൂണിവേഴ്സിറ്റികളിൽ പഠന വിഷയമായി.
1994ൽ മാവേലിമന്റം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. മുട്ടത്ത് വർക്കി അവാർഡ്, ടി.വി.കൊച്ചു ബാവ അവാർഡ്, അകം അവാർഡ്, ജോസഫ് മുണ്ടശേരി അവാർഡ്,കേരള സർക്കാരിന്റെ ഭാരത് ഭവൻ ഗ്രാമീണ നാടക സമഗ്രസംഭാവന പുരസ്ക്കാരം എന്നിവയും തേടിയെത്തി.
കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27ന് ജനിച്ചു. 1973ൽ കുടുംബം വയനാട്ടിലേയ്ക്ക് കുടിയേറി. 1994ലാണ് കനവ് എന്ന ബദൽ സ്‌കൂൾ തുടങ്ങിയത്. ഭാര്യ: ഷേർളി.