പുതുപ്പള്ളി : ആരോപണ പ്രത്യാരോപണങ്ങൾ കുറയ്ക്കാതെയാണ് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥികൾ വോട്ടിങ് ദിനമാരംഭിച്ചത്. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ദിവസം തന്നെ മണ്ഡലത്തിലെ വികസനം ചർച്ച ചെയ്യാൻ ക്ഷണിച്ചെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ഒളിച്ചോടിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് കുറ്റപ്പെടുത്തി.പുതിയ പുതുപ്പള്ളിയ്ക്ക് വേണ്ടിയാണ് തിരഞ്ഞെടുപ്പെന്നും ജെയ്ക്ക് ആവർത്തിച്ചു. രാവിലെ അച്ഛന്റെ കല്ലറയിൽ എത്തി പ്രാർത്ഥിച്ച ശേഷം ജെയ്ക്ക് വോട്ട് ചെയ്യാനായി മണർക്കാടുള്ള കണയാംകുന്ന് എൽപി സ്കൂളിലെത്തി. വോട്ടർമാരുടെ നീണ്ട ക്യൂവിൽ ഒരു മണിക്കൂറോളം കാത്ത് നിന്ന ശേഷമാണ് വോട്ട് ചെയ്യാനായത്. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി രാവിലെ തന്നെ പ്രാർത്ഥിച്ചു. തുടർന്ന് ജോർജിയൻ സ്കൂൾ ബൂത്തിലെത്തി വോട്ട് ചെയ്തു. തുടർന്ന് മാധ്യമങ്ങളെ കണ്ട ചാണ്ടി ഉമ്മൻ അച്ഛൻ ഉമ്മൻചാണ്ടി എഴുതിയ ഡയറി പുറത്ത് വിടുമെന്ന് അറിയിച്ചു. ഉമ്മൻചാണ്ടിയ്ക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിക്കുന്ന ചില ശബ്ദ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഒക്ടോബർ ഒന്ന് മുതൽ ഉമ്മൻചാണ്ടി എഴുതിയ ഡയറികുറിപ്പുകളിൽ ചികിത്സയെക്കുറിച്ച് വിവരിച്ചിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. അമേരിക്കയിൽ നൽകിയ ചികിത്സയെക്കുറിച്ചും അപ്പ എഴുതിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കൃത്യമായ ചികിത്സ നൽകിയിട്ടുണ്ട്. പക്ഷെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കുടുംബത്തെ വേട്ടയാടുകയാണെന്നും അദേഹം വിമർശിച്ചു. അതേ സമയം ചാണ്ടി ഉമ്മന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി വാസവൻ രംഗത്ത് എത്തി. കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നടത്തിയ ഫോൺ സംഭാഷണമാണ് പ്രചരിക്കുന്നതെന്ന് അദേഹം വിമർശിച്ചു. ശബ്ദ സന്ദേശത്തെക്കുറിച്ച് അന്വേഷണം നടത്താൻ കോൺഗ്രസ് ആവിശ്യപ്പെടുന്നില്ലെന്നും മന്ത്രി വിമർശിച്ചു.