പുതുപ്പള്ളി: 182 ബൂത്തുകളാണ് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ ഏഴ് മണിയോടെ എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. ആകെയുള്ള 1,76,417 വോട്ടര്‍മാരില്‍ ഭൂരിപക്ഷവും വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വാശിയേറിയ പ്രചാരണമാണ് നടന്നത്. 1970ല്‍ ആദ്യമായി മത്സരിക്കാനിറങ്ങിയത് മുതല്‍ ഇക്കഴിഞ്ഞ അവസാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വരെ ബാലറ്റ് പട്ടികയിലെ ആദ്യ പേരുകാരനായിരുന്നു ഉമ്മന്‍ചാണ്ടി.
53 വര്‍ഷത്തിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ നിന്നും ഉമ്മന്‍ചാണ്ടിയില്ല. ആകെ ഏഴ് പേരാണ് ഇത്തവണ പുതുപ്പള്ളിയില്‍ മത്സരിക്കുന്നത്. ആദ്യ പേരുകാരനായി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. വോട്ടര്‍ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക്, ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ എന്നിവരാണ് ഉള്ളത്. ഒരു കൈ നോക്കാനിറങ്ങിയ ആം ആദ്മി സ്ഥാനാര്‍ത്ഥി കഴിഞ്ഞാല്‍ പിന്നെ മൂന്ന് പേര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്. പൊതുവെ സമാധാനപരമായാണ് പുതുപ്പള്ളിയിലെ വോട്ടെടുപ്പ് നടക്കാറുള്ളത്.