കോഴിക്കോട്: മലപ്പുറം സ്വദേശിനി ഫസീലയെ കൊലപ്പെടുത്തിയ അബ്ദുൾ സനൂഫ് കർണാകയിലേക്ക് കടന്നെന്ന് സൂചന.
തൃശ്ശൂർ തിരുവില്ലാമല സ്വദേശിയായ ഇയാൾക്കായി കേരളത്തിന് പുറമേ തമിഴ്നാട്ടിലും കർണാടകയിലും തെരച്ചിൽ നടക്കുന്നതിനിടെയാണ് പ്രതി കർണ്ണാടകയിലേക്ക് കടന്നെന്ന വിവരം പൊലീസിന് ലഭിച്ചത്.
അബ്ദുൾ സനൂ ഫിനായി കഴിഞ്ഞ ദിവസം പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ഇക്കഴിഞ്ഞ 26നാണ് സംഭവം. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഇവർക്കൊപ്പമുണ്ടായിരുന്ന അബ്ദുൾ സനൂഫിനെ കാണാനില്ലായിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് കൊലക്കുറ്റം ചുമത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് ഫസീല കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞത്.
ഞായറാഴ്ചയാണ് ഫസീലയും അബ്ദുൾ സനൂഫും എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ മുറിയെടുത്തത്. പിന്നീട്ചൊവ്വാഴ്ച ഫസീലയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലേ ദിവസം രാത്രി തന്നെ അബ്ദുൾ സനൂഫ് ലോഡ്ജിൽ നിന്ന് പോയിരുന്നു. പിന്നീട് ഇയാളെ കുറിച്ച് വിവരമില്ല.
സനൂഫ് ഉപയോഗിച്ച കാർ ചൊവ്വാഴ്ച രാത്രി തന്നെ പാലക്കാട് വെച്ച് പൊലീസ് കണ്ടെത്തിയിരുന്നു. മുഹമ്മദ് സനൂഫിനെതിരെ ഭാരതീയ ന്യായ സംഹിത 103 പ്രകാരം കൊലപാതകത്തിന് പൊലീസ് കേസ്സെടുത്തു.
നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസ്സ് എടുത്തത്. ഫസീല നൽകിയ പീഡന പരാതിയിൽ അബ്ദുൾ സനൂഫ് നേരത്തെ ജയിലിൽ കിടന്നിട്ടുണ്ട്.
ഈ വിരോധമാണോ കൊലപാതക കാരണമെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പിണക്കത്തിലായ ഇരുവരും വീണ്ടും അടുത്തിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂവെന്നാണ് പൊലീസിന് കിട്ടിയ വിവരം.