റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. 24.1 ഓവറിൽ 112 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകളാണ് വീണത്. ഇംഗ്ലണ്ടിനു ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും പിന്നീട് അടിപതറുകയായിരുന്നു. അരങ്ങേറ്റ താരം ആകാശ് ദീപ് മൂന്നു വിക്കറ്റുകൾ നേടി.
സ്കോർ 47ൽ നിൽക്കെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. 21 പന്തിൽ 11 റൺസെടുത്ത ബെൻ ഡക്കറ്റിനെ ആകാശ് ദീപ് പുറത്താക്കുകയായിരുന്നു. ഒരു റൺ കൂട്ടിച്ചേർക്കും മുൻപ് ഇംഗ്ലണ്ടിന് ഒലി പോപ്പിനെയും നഷ്ടമായി. ആകാശ് ദീപിന്റെ പന്തിൽ താരം എൽബിഡബ്ല്യു ആകുകയായിരുന്നു.
42 പന്തിൽ 42 റൺസെടുത്ത സാക് ക്രൗലി ആകാശ് ദീപിന്റെ പന്തിൽ ബോൾഡായി. സ്കോർ നൂറു കടന്നതിനു പിന്നാലെ സ്പിന്നർമാർ വിക്കറ്റുവേട്ട തുടങ്ങി. 35 പന്തിൽ 38 റണ്‍സെടുത്ത ജോണി ബെയർസ്റ്റോയെ ആർ. അശ്വിൻ വിക്കറ്റിനുമുന്നിൽ കുടുക്കി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനും തിളങ്ങാനായില്ല. മൂന്ന് റൺസ് മാത്രമെടുത്ത താരത്തെ രവീന്ദ്ര ജഡേജയാണു പുറത്താക്കിയത്.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ– സാക് ക്രൗലി, ബെന്‍ ഡക്കറ്റ്, ഒലി പോപ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ബെൻ ഫോക്സ്, ടോം ഹാർട്‍ലി, ഒലി റോബിൻസൻ, ശുഐബ് ബഷീർ, ജെയിംസ് ആൻഡേഴ്സൻ.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശർമ, യശസ്വി ജയ്സ്വാള്‍, ശുഭ്മൻ ഗിൽ, രജത് പട്ടീദാർ, സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറൽ, ആർ. അശ്വിൻ, കുൽദീപ് യാദവ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.