ശ്രീനഗർ: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്. 90 അംഗ നിയമസഭയിൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം 49 സീറ്റുകളിലാണ് മുന്നേറുന്നത്. 27 സീറ്റിൽ വിജയിച്ച മുന്നണി 22 സീറ്റിൽ ലീഡ് ചെയ്യുന്നു. ബിജെപി 10 സീറ്റിൽ വിജയിച്ചപ്പോൾ, 19 ഇടത്ത് ലീഡു ചെയ്യുന്നു. ആകെ 29 മണ്ഡലങ്ങളിലാണ് ബിജെപി മുന്നേറ്റം.India alliance came to power in Jammu and Kashmir where assembly elections were held
കശ്മീർ താഴ്‌വര മേഖല നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി തൂത്തു വാരിയപ്പോൾ ജമ്മു മേഖലയിലാണ് ബിജെപിക്ക് പിടിച്ചു നിൽക്കാനായത്. മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പിഡിപി രണ്ടിടത്ത് മാത്രമായി ഒതുങ്ങി. മെഹബൂബയുടെ മകൾ ഇൽതിജ മുഫ്തി സ്രിഗുഫ്വാര- ബ്രിജ് ബെഹാര മണ്ഡലത്തിൽ പരാജയപ്പെട്ടു. എട്ടു മണ്ഡലങ്ങളിൽ സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്.
നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തിൽ വിജയിച്ചു. ഗന്ദേർബാൽ മണ്ഡലത്തിൽ ഒമർ അബ്ദുള്ള ലീഡ് ചെയ്യുകയാണ്. കുൽഗാമിൽ സിപിഎമ്മിന്റെ മുഹമ്മദ് യൂസഫ് തരിഗാമിയും വിജയിച്ചു. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് താരിഖ് ഹമീദ് കാര, ഗുലാം അഹമ്മദ് മിർ തുടങ്ങിയവർ ലീഡ് ചെയ്യുകയാണ്. അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്‌ന, സജ്ജാദ് ഗനി ലോൺ തുടങ്ങിയവർ പിന്നിലാണ്.
ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല ഒരു പ്രതിഞ്ജയെടുത്തിരുന്നു ‘ജമ്മു-കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെ’. എന്നാൽ ഈ ശപഥം മറന്നാണ് തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ ഒമർ മൽസരിക്കാനിറങ്ങിയത്. അന്നുണ്ടായ വിമർശനങ്ങൾക്ക് മറുപടിയായി ഒമർ പറഞ്ഞു…
‘2 സീറ്റുകളിൽ ഞാൻ മത്സരിക്കുന്നതു ബലഹീനതയല്ല. അത് നാഷനൽ കോൺഫറൻസിൻറെ ശക്തിയുടെ തെളിവാണ്. ബാരാമുല്ല, അനന്ത്നാഗ്, ശ്രീനഗർ എന്നിവിടങ്ങളിലെല്ലാം നാഷനൽ കോൺഫറൻസിന് അനുകൂല ട്രെൻഡാണു കാണുന്നത്. കഴിഞ്ഞ 5-6 വർഷമായി ഉയർന്ന അഴിമതി ആരോപണങ്ങളെല്ലാം അന്വേഷിക്കും. ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ ജനം സന്തുഷ്ടരല്ല. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ’
ശ്രീനഗറിൽ നിന്ന് 25 കിലോ മീറ്റർ അകലെ 2 മണ്ഡലങ്ങളിൽ നിന്നാണ് ഒമർ അബ്ദുല്ല ജനവിധി തേടിയത്; ഗാൻദെർബാൽ, ബഡ്ഗാം. ഫാറൂഖ് അബ്ദുല്ല കുടുംബത്തിൻറെ തട്ടകമായി കരുതുന്ന ഇതേ ഗാൻദെർബാലിൽ നിന്ന് വിജയിച്ചാണ് ഒമർ 2008 ൽ മുഖ്യമന്ത്രിയായതും. എങ്കിലും പി.ഡി.പി. സ്ഥാനാർഥികൾക്ക് പുറമെ പ്രാദേശിക സ്വാധീനമുള്ള സ്വതന്ത്ര സ്ഥാനാർഥികളും രണ്ട് മണ്ഡലങ്ങളിലും ഒമറിനെതിരെ മൽസരരംഗത്തുണ്ടായിരുന്നു. പക്ഷേ ഒമറിൻറെ വിജയത്തിന് ഇക്കുറി ഇതൊന്നും തടസമായില്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമുള്ള മണ്ഡലത്തിൽ ജയിലിൽ കിടന്ന് മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി എഞ്ചിനീയർ റാഷിദിനോട് നാലര ലക്ഷം വോട്ടുകൾക്കാണ് ഒമർ പരാജയം ഏറ്റുവാങ്ങിയത്. എന്നാൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ജയിച്ച് ഒമർ എത്തിയാൽ നേട്ടം നാഷണൽ കോൺഫറൻസിനും ഇന്ത്യാ സഖ്യത്തിനും മാത്രമല്ല, അബ്ദുള്ള കുടുംബത്തിനും കൂടിയായിരിക്കും. മൽസരിച്ച സീറ്റുകളുടെ എണ്ണത്തിൽ എൻസിക്ക് പിന്നിലാണ് കോൺഗ്രസ് എന്നിരിക്കെ മുഖ്യമന്ത്രി കസേരയിലേക്കായിരിക്കും ഒമർ അബ്ദുല്ല തിരിച്ചെത്തുന്നത്.