തോട്ടം തൊഴിലാളികളും ഗോത്ര വിഭാഗങ്ങളും ആശ്രയിക്കുന്ന ഐസിയു ആമ്പുലൻസ് കട്ടപ്പുറത്ത്
ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയുടെ ഐസിയു ആംബുലൻസ് അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പിൽ കയറ്റിയിട്ട് രണ്ടു മാസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി ആരംഭിച്ചില്ല.
ഇതോടെ ഐസിയു ആമ്പുലൻസ് ആവശ്യമുള്ള ഒട്ടേറെ രോഗികളാണ് അടിയന്തര ഘട്ടങ്ങളിൽ പ്രതിസന്ധിയിലാകുന്നത്.
കൂടുതൽ തുക നൽകി സ്വകാര്യ ആമ്പുലൻസ് സർവീസുകളെ ആശ്രയിക്കുകയാണ് ഇവർ ചെയ്യുന്നത്.
എൻജിൻ ഭാഗവുമായി ബന്ധപ്പെട്ട തകരാറാണ് ആമ്പുലൻസിന് ഉണ്ടായിരിക്കുന്നത്. തകരാർ പരിഹരിക്കാൻ രണ്ടു മാസം മുൻപ് വർക്ക് ഷോപ്പിൽ കയറ്റിയെങ്കിലും ഇവിടെ ഇതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല.
തുടർന്ന് തൊടുപുഴയിലുള്ള വർക്ക്ഷോപ്പിൽ എത്തിച്ച് ആമ്പുലൻസിന്റെ തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും അനുമതി ലഭിക്കേണ്ടതുണ്ട്.
നിലവിൽ അനുമതി ലഭിച്ചെന്നാണ് താലൂക്ക് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഉടൻ തന്നെ തൊടുപുഴയിലെ വർക്ക്ഷോപ്പിലേക്ക് ആമ്പുലൻസ് മാറ്റാനും നീക്കം തുടങ്ങിയിട്ടുണ്ട്.
ആമ്പുലൻസ് സേവനം മുടങ്ങിയതോടെ തോട്ടം , ആദിവാസി മേഖലകളിൽ നിന്നുൾപ്പെടെ കട്ടപ്പനയിൽ എത്തുന്ന രോഗികളാണ് പ്രതിസന്ധിയിലാകുന്നത്.









