ആപ്പിൾ പുറത്തിറക്കുന്ന ഐ ഫോണുകൾ ഏവരും പ്രതീക്ഷയോടെയാണ് നോക്കികാണാറുള്ളത് . പലപ്പോഴും ഈ ഫോണുകൾക്ക് മുന്നിൽ ബാക്കി ഫോൺ കമ്പനികൾ ആപ്പിളിന്റെ മുന്നിൽ മുട്ടുകുത്താറുമുണ്ട് . ഇപ്പോൾ അവസാനമായി പുറത്തിറങ്ങിയത് ഐഫോൺ 16 ആണ് . ഇപ്പോഴിതാ ഇനി ആപ്പിൾ 2025ൽ ഇറക്കാൻ പോകുന്ന ഐഫോൺ 17 സീരീസിനെക്കുറിച്ചുള്ള പ്രവചനങ്ങളുമായി ടെക് വിദഗ്ധൻ മിങ് ചി കുവോ. രണ്ടു പ്രധാന ഹാർഡ്‌വെയർ വ്യത്യാസങ്ങളാണ് അദ്ദേഹം പ്രവചിക്കുന്നത്. 24 എംപി സെൽഫി ക്യാമറ ഐഫോൺ 17 സീരീസിൽ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ ഒന്നാമത്തെ കണ്ടെത്തൽ. ഇപ്പോൾ വിൽപനയിലുള്ള ഐഫോൺ 15 സീരീസിലെ സെൽഫി ക്യാമറയ്ക്ക് 12എംപി റെസലൂഷനാണ് ഉള്ളത്. ഇതിന് 7 പ്ലാസ്റ്റിക് ലെൻസ് എലമെന്റുകളുമുണ്ട്.
മാത്രമല്ല കുവോയുടെ പ്രവചനം ശരിയാണെങ്കിൽ ഐഫോണുകളിൽ ഇന്നേവരെ കണ്ടിരിക്കുന്നതിൽ വച്ച് മികച്ച സെൽഫി ക്യാമറയായിരിക്കും 2025ൽ ലഭിക്കുക. ഫോട്ടോകൾ സൂം ചെയ്താലും ക്രോപ് ചെയ്താലും നിലവിലെ സെൽഫി ക്യാമറയെക്കാൾ മികച്ച പ്രകടനം ലഭിക്കും. റെസലൂഷൻ വർധിപ്പിക്കുന്നതിനാൽ കൂടുതൽ മികച്ച പോസ്റ്റ് പ്രൊസസിങ് നടത്താനും സാധിക്കും. 6 എലമെന്റ് ലെൻസും ഫോട്ടോയുടെയും വിഡിയോയുടെയും മികവ് വർധിപ്പിക്കും.സെൽഫി ക്യാമറയ്ക്കു പുറമെ പുതിയ അണ്ടർ-പാനൽ ഫെയ്‌സ് ഐഡി സാങ്കേതികവിദ്യയും ഐഫോൺ 17 ന് മാറ്റു വർധിപ്പിക്കും. ഇതു വഴി ഡൈനാമിക് ഐലൻഡിന്റെ വലുപ്പം കുറയ്ക്കാൻ സാധിക്കും. സ്‌ക്രീനിൽ വൃത്താകൃതിയിലുള്ള ഒരു കട്ട്ഔട്ട് മാത്രമായിരിക്കും ഉണ്ടാകുക എന്നാണ് അദ്ദേഹത്തിന്റെ പ്രവചനം (വർഷങ്ങളായി ആൻഡ്രോയിഡ് ഫോണുകളിൽ കാണപ്പെടുന്ന രീതി). എന്നാൽ, ഈ സാങ്കേതികവിദ്യ 2026 ൽ തന്നെ അവസാനിക്കുകയും ചെയ്‌തേക്കും. ആപ്പിൾ 2027 മുതൽ ഡിസ്‌പ്ലേക്ക് അടിയിലായി (അണ്ടർ ഡിസ്‌പ്ലെ) ക്യാമറകൾ പ്രോ മോഡലുകളിൽ അവതരിപ്പിച്ചേക്കുമെന്നും കുവോ പറയുന്നു. അതോടെ ഐഫോണുകളുടെ സ്‌ക്രീനുകളിൽ ക്യാമറയുടെ സാന്നിധ്യം പൂർണമായും മറയ്ക്കാൻ സാധിക്കും.
2025ൽ ഇറക്കാൻ പോകുന്ന ഐഫോൺ 17 സീരീസിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ശെരിയാകുമോ അതോ തെറ്റിപോകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഐ ഫോൺ പ്രേമികൾ .
Read Also ; ഇനി സാംസങ് ഗ്യാലക്‌സി എസ്24 എഐ വാഴും കാലം