15 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ഭർത്താവിനെ ക്രൂരമായി കൊന്നു; കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ചു; യുവതിയുടെ പ്രവർത്തികൾ ഞെട്ടിക്കുന്നത്…
മൈസൂരു: ഭർത്താവിനെ കടുവ കൊന്നെന്ന പ്രചാരണം നടത്തി, വനം വകുപ്പിൽ നിന്ന് നഷ്ടപരിഹാരം പിടിച്ചെടുക്കാനായി ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഭാര്യ പൊലീസ് പിടിയിൽ. ഹുൻസൂർ താലൂക്കിൽ നടന്ന ഞെട്ടിക്കുന്ന സംഭവമാണ് ഇത്.
മരണപ്പെട്ടത് 45 കാരനായ വെങ്കിട സ്വാമിയാണ്. ഭാര്യ സല്ലാപുരി (37) തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ആദ്യം, ഭർത്താവിനെ കടുവ പിടിച്ചെന്നായിരുന്നു സല്ലാപുരി നാട്ടുകാരോടും പൊലീസിനോടും പറഞ്ഞിരുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിക്കുന്നവർക്ക് വനം വകുപ്പ് നൽകുന്ന 15 ലക്ഷം രൂപ നഷ്ടപരിഹാരം സ്വന്തമാക്കാനായിരുന്നു സ്ത്രീയുടെ പദ്ധതി.
ഒരു കോടിയിട്ടാൽ രണ്ടുകോടി; സൈനുൽ ആബിദിന് സ്വന്തമായി മൊബൈൽ നമ്പരില്ല
വെങ്കിട സ്വാമിയെ കാണാതായതായി സെപ്റ്റംബർ 8-ന് രാത്രി 10.30ഓടെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു.
അന്ന് വീട്ടിൽ വൈദ്യുതി ഇല്ലായിരുന്നെന്നും, ഒരു ശബ്ദം കേട്ട് ടോർച്ച് എടുത്ത് പുറത്തിറങ്ങിയ ഭർത്താവ് തിരിച്ചുവന്നില്ലെന്നുമായിരുന്നു അവളുടെ മൊഴി. നാട്ടുകാരോടും പൊലീസിനോടും കടുവയാണ് കൊന്നതെന്ന കഥ അവൾ പറഞ്ഞു.
നാഗരഹോള കടുവ സംരക്ഷണകേന്ദ്രത്തിന് സമീപം ആയതിനാൽ, സല്ലാപുരിയുടെ മൊഴിയിൽ സംശയമില്ലാതെ പൊലീസ്-വനവകുപ്പ് സംഘം വ്യാപകമായ തിരച്ചിൽ നടത്തി.
എന്നാൽ, തിരച്ചിലിനിടെ വീടിന്റെ മുറ്റത്ത് മണ്ണ് ഇളകിക്കിടക്കുന്നതും ഒരാളെ വലിച്ചിഴച്ച പാടുകളും കണ്ടപ്പോൾ പൊലീസിന് സംശയം തോന്നി.
തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന് പിന്നിലെ ചാണകക്കുഴിയിൽ നിന്നും വെങ്കിട സ്വാമിയുടെ മൃതദേഹം കണ്ടെത്തി. ഹുൻസൂർ അസിസ്റ്റന്റ് കമ്മീഷണർ വിജയ് കുമാറിന്റെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
അന്വേഷണത്തിൽ, ഭക്ഷണത്തിൽ വിഷം കലർത്തിയാണ് സല്ലാപുരി ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസങ്ങളിൽ സമീപത്തെ ഹെജ്ജുരു ഗ്രാമത്തിൽ കടുവയെ കണ്ടതായി റിപ്പോർട്ട് വന്നിരുന്നു.
ഈ സാഹചര്യം മുതലെടുത്താണ് സല്ലാപുരി കൊലപാതകത്തിന്‍റെ പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയത്.