കോട്ടയം: എരുമേലിയിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് മരിച്ചവരുടെ എണ്ണം മൂന്നായി. കനകപ്പലം സ്വദേശി സത്യപാലൻ, ഭാര്യ സീതമ്മ, മകൾ അഞ്ജലി എന്നിവരാണ് മരിച്ചത്. ഇവരിൽ സത്യപാലനും മകളും ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
അപകടത്തിൽ മകന്‍ ഉണ്ണിക്കുട്ടന്‍ (22) ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീട്ടിൽ തീ ആളിപ്പടരുന്നതു കണ്ട് നാട്ടുകാര്‍ എത്തിയാണ് തീ അണച്ചത്.
പിന്നാലെ സീതമ്മയേയും സത്യപാലനേയും മക്കളേയും പുറത്തെടുത്തു. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സീതമ്മയുടെ മരണം സംഭവിച്ചിരുന്നു.
തുടർന്ന് സത്യാപാലനേയും മക്കളേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ സത്യപാലനും മകൾ അഞ്ജലിയും മരണത്തിന് കീഴടങ്ങി.
അതേസമയം തീ എങ്ങനെ പടര്‍ന്നുപിടിച്ചു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വീടിന് തീയിട്ടു എന്നതാണ് സംശയം. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹമുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു.