ഷാർജ: കയ്യെത്തും ദൂരത്ത് പലപ്പോഴും നഷ്ടമായ ലോകകിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഹർമൻപ്രീത് കൗറും സംഘവും ഇത്തവണ ദുബായിലെത്തിയത്. എന്നാൽ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ഇന്ത്യൻ ടീമിനെ കാത്തിരുന്നത്. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 58 റൺസിന്റെ കൂറ്റൻ തോൽവി വഴങ്ങേണ്ടി വന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും നിലവാരത്തിനൊത്തുയരാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല. തോൽവി ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾക്കും തിരിച്ചടിയായി. നെറ്റ് റൺറേറ്റ് -2 ലേക്കും വീണിരുന്നു.Here are India’s semi chances
ന്യൂസിലൻഡിനോടേറ്റ പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ പാകിസ്താനെതിരെ മികച്ച വിജയം ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു. എന്നാൽ, പാകിസ്താനെ ചെറിയ സ്കോറിൽ ഒതുക്കിയിട്ടും വലിയ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ആറ് വിക്കറ്റിന്റെ ജയം നെറ്റ് റൺറേറ്റ് -1.217 ആക്കി മെച്ചപ്പെടുത്താൻ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. നിലവിൽ ന്യൂസിലൻഡ്, ഓസ്ട്രേലിയ, പാകിസ്താൻ എന്നീ ടീമുകൾക്ക് പിന്നിലായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.
വനിതാ ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യ ന്യൂസിലൻഡിനോടു അപ്രതീക്ഷിത തോൽവി വഴങ്ങിയ ഇന്ത്യയുടെ സെമി സാധ്യതകൾ നിലവിൽ തുലാസിൽ നിൽക്കുന്നു. രണ്ടാം പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഹർമൻപ്രീത് കൗറും സംഘവും തിരിച്ചെത്തിയെങ്കിലും ഇപ്പോഴും സെമി ഉറപ്പായിട്ടില്ല.
ഇന്ന് ന്യൂസിലൻഡ്- ഓസ്‌ട്രേലിയ പോരാട്ടം നടക്കുമ്പോൾ കിവികൾക്കായി ഇന്ത്യ കൈയടിക്കും. ഇന്ന് ന്യൂസിലൻഡ് ഓസ്‌ട്രേലിയയെ വീഴ്ത്തുന്നതാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
ആദ്യ പോരിൽ കിവികളോടു വമ്പൻ തോൽവി ഏറ്റുവാങ്ങിയതാണ് ഇന്ത്യയുടെ സാധ്യതകൾ തുലാസിൽ നിർത്തിയത്. നെറ്റ് റൺറേറ്റിൽ ഓസ്‌ട്രേലിയ രണ്ടാമതും ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തുമാണ്. ഇന്ത്യ -1.217 ആണ് ഇന്ത്യയുടെ നെറ്റ് റൺറേറ്റ്.
ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ
ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് ടീമുകൾ ഇനിയുള്ള മത്സരങ്ങളിൽ ശ്രീലങ്ക, പാകിസ്ഥാൻ ടീമുകളെ വീഴ്ത്തണം. (ഇന്ത്യ പാകിസ്ഥാനെ വീഴ്ത്തി കഴിഞ്ഞു) അങ്ങനെ സംഭവിച്ചാൽ താഴെ വിവരിക്കുന്ന സാധ്യതകളാണ് സെമിയിലേക്കുള്ള വഴി.
ന്യൂസിലൻഡ് ഓസ്‌ട്രേലിയയെ വീഴ്ത്തിയാൽ
ഓസീസിനെതിരെ കിവികൾ വിജയിച്ചാൽ നാലിൽ നാല് വിജയവുമായി ന്യൂസിലൻഡ് സെമി ഉറപ്പിക്കും. ഈ ഘട്ടത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ വീഴ്ത്തുകയും ചെയ്താൽ ഇന്ത്യയ്ക്ക് നാലിൽ മൂന്ന് ജയവുമായി നേരിട്ട് സെമി ഉറപ്പാക്കാം. ഓസ്‌ട്രേലിയക്ക് രണ്ട് ജയം മാത്രമാകും. അവർ പുറത്താകും.
ഓസ്‌ട്രേലിയ ന്യൂസിലൻഡിനെ വീഴ്ത്തിയാൽ
ഈ ഘട്ടത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ വീഴ്ത്തിയാൽ ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് ടീമുകൾക്ക് മൂന്ന് ജയമായിരിക്കും. അപ്പോൾ നെറ്റ് റൺറേറ്റ് നിർണായകമാകും. ഓസ്‌ട്രേലിയക്കെതിരായ പോരാട്ടം ഇന്ത്യയെ സംബന്ധിച്ച് ജീവൻമരണ പോരാട്ടമാണ്.