തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയെ തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ 115.6 mm മുതൽ 204.4 mm വരെ ലഭിക്കുന്ന മഴയാണ് അതിശക്തമായ മഴ എന്നതിന്റെ അർത്ഥം, എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
കടലാക്രമണ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കള്ളക്കടൽ പ്രതിഭാസം ഉണ്ടാകാനും ഉയർന്ന തിരമാല ഉണ്ടാകാനും സാധ്യതയുള്ള സാഹചര്യത്തിൽ, മത്സ്യബന്ധന യാനങ്ങൾ കടലിൽ ഇറക്കുന്നത് അപകടകരമാണ് എന്നും അധികൃതർ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതാണെന്ന് അറിയിപ്പുണ്ട്. അതേസമയം, ജൂലൈ 21 രാത്രി 11.30 വരെ തീരപ്രദേശങ്ങളിലും അപകട സാധ്യത കൂടുതലാണ്.
തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ)
കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ)
ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ വരെ)
കണ്ണൂർ-കാസർഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) എന്നീ തീരങ്ങളിൽ 3.0 മുതൽ 3.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകളും കടലാക്രമണവും ഉണ്ടാകുമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.