ന്യൂഡൽഹി: കോവിഷീൽഡ് വാക്സീൻ എടുത്തതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ 51 പേർ 1000 കോടിയിലേറെ രൂപ വീതം ആവശ്യപ്പെട്ടാണ് യുകെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കോവിഷീൽഡ് വാക്സീനെടുക്കുന്നവരിൽ അപൂർവമായി രക്തം കട്ടപിടിക്കുന്നതുൾപ്പെടെ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് ഉൽപാദകക്കമ്പനി കോടതിയിൽ സ്ഥിരീകരിച്ചിരുന്നു.
കോവിഷീൽഡിന്റെ ഇന്ത്യയിലെ ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ബോംബെ ഹൈക്കോടതിയിലും സമാന കേസുണ്ട്.
ആരോഗ്യപ്രശ്നമുണ്ടാകുന്നവർക്കു നഷ്ടപരിഹാരം നൽകാൻ ഇന്ത്യയിൽ വ്യവസ്ഥയില്ല. വാക്സീൻ സ്വീകരിച്ചതു സ്വമേധയാ ആയിരുന്നുവെന്നും നിർബന്ധിതമാക്കിയിരുന്നില്ലെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നിലപാട്. വാക്സീൻ വികസിപ്പിക്കുന്നതിലെ പല കടമ്പകളും ഒഴിവാക്കി ദ്രുതഗതിയിൽ കുത്തിവയ്പ് തുടങ്ങിയ വാക്സീനുകളുടെ കാര്യത്തിൽ നഷ്ടപരിഹാര വ്യവസ്ഥയില്ലാതെ നയം തയാറാക്കിയതിനു കേന്ദ്ര സർക്കാർ വലിയ വിമർശനം നേരിട്ടിരുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിച്ച കോവിഷീൽഡ് വാക്സീനെതിരെ യുകെയിൽ നിയമയുദ്ധം മുറുകുമ്പോഴും ഇന്ത്യയിൽ ആരോഗ്യമന്ത്രാലയം ഇപ്പോഴും അനങ്ങിയിട്ടില്ല.ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിലെ (1940) വകുപ്പു പ്രകാരം, അംഗീകൃത അതോറിറ്റിയിൽനിന്നു നഷ്ടപരിഹാരം ഈടാക്കാൻ വ്യവസ്ഥയുണ്ട്. വാക്സീൻ എടുത്തതിലൂടെ സ്ഥിരമായ വൈകല്യമോ മരണമോ സംഭവിച്ചാൽ ഫേറ്റൽ ആക്സിഡന്റ് ആക്ട് പ്രകാരവും നിയമപരിഹാരം തേടാം.
ഇവയ്ക്കു പുറമേ, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും (336, 337, 338 വകുപ്പുകൾ) ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരവും നടപടിക്കു സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലെറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (ടിടിഎസ്) അപൂർവമായി ഉണ്ടാകാമെന്നാണ് കമ്പനി യു കെ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. വാക്സീൻ സ്വീകരിച്ച ശേഷം മസ്തിഷ്ക സംബന്ധമായ പ്രശ്നമുണ്ടായ ജെയിംസ്കോട്ട് എന്നയാളാണ് ആദ്യം കേസിനു പോയത്. പിന്നാലെ ഒട്ടേറെപ്പേർ കോടതിയെ സമീപിച്ചു. അതേസമയം, വാക്സീന്റെ ഗവേഷകരായ ഓക്സ്ഫഡ് ഇതേവരെ പ്രതികരിച്ചിട്ടില്ല.
അസ്ട്രാസെനക്ക യുകെ ഹൈക്കോടതിയിൽ നൽകിയ രേഖകളിലാണ് പാർശ്വഫലങ്ങൾ സ്ഥിരീകരിച്ചത്. പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്തിനെത്തുടർന്ന് വാക്സീൻ വിതരണം യുകെയിൽ നിർത്തിവയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നു.
അപൂർവമായി ചിലരിൽ പാർശ്വഫലമുണ്ടാകാമെങ്കിലും കോവിഡ് സൃഷ്ടിക്കുന്ന അപകടം പരിഗണിക്കുമ്പോൾ വാക്സീൻ ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്ന നിലപാടാണു ലോകാരോഗ്യ സംഘടന ഉൾപ്പെടെ നേരത്തേ സ്വീകരിച്ചത്.
സർക്കാർ നഷ്ടപരിഹാരം തന്നില്ലെങ്കിൽ നിയമവഴി തേടുക മാത്രമാണു പോംവഴി. അടിയന്തര സാഹചര്യത്തിൽ വാക്സീൻ നൽകാമെങ്കിലും ഉൽപാദകർ, സംസ്ഥാന സർക്കാർ, വാക്സീന് അംഗീകാരം നൽകുന്ന അധികാരി എന്നിവർക്കുമേൽ നഷ്ടപരിഹാരബാധ്യത ചുമത്തി കേസിനു പോകാമെന്ന് നിയമവിദഗ്ധർ പറയുന്നു.